SignIn
Kerala Kaumudi Online
Sunday, 27 July 2025 5.44 AM IST

അറിവ് ലഹരിയാകട്ടെ,​ ജീവിതം അമൃതമാകട്ടെ

Increase Font Size Decrease Font Size Print Page
lahari

സമൂഹത്തെയാകെ ദുഷിപ്പിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന വലിയൊരു വിപത്തായി ലഹരിവസ്തുക്കളും അതിന്റെ വിനിമയവും ഉപയോഗവും മാറിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും ആശങ്കപ്പെടുത്തുന്നത് വിദ്യാലയങ്ങൾ പോലും ഇതുമായി ബന്ധപ്പെട്ട ആളുകളുടെ പിടിയിൽ പെട്ടുപോകുന്നു എന്നതാണ്. കുട്ടികളിൽ വളർന്നു വരുന്നതും, ലഹരി മാഫിയകൾ വളർത്തിക്കൊണ്ടുവരുന്നതുമായ ലഹരിശീലം ഭാവിസമൂഹത്തിന്റെ ഭദ്രതയെത്തന്നെ തകർത്തുകളയുമെന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. ലഹരിവസ്തുക്കളുടെ ഉപയോഗംകൊണ്ട് മനുഷ്യന്റെ ശരീരം രോഗാതുരമാകുമെന്നതിനേക്കാൾ ഭയാനകമായിട്ടുള്ളത് അത് വ്യക്തിയുടെ ആന്തരിക ഘടനയെ വേഗത്തിൽ ദുഷിപ്പിക്കുമെന്നതാണ്.

മംഗളകരമായ വിനിമയങ്ങൾക്കും വ്യവഹാരങ്ങൾക്കും അനുഭവങ്ങൾക്കുമായി ഈശ്വരൻ നമ്മളിൽ സന്നിവേശിപ്പിച്ചിരിക്കുന്ന മനസിന്റെയും ഇന്ദ്രിയ സംവേദനങ്ങളുടെയും ബോധമണ്ഡലത്തിന്റെയും ബുദ്ധിയുടെയും ധർമ്മങ്ങളെ ക്ഷയിപ്പിക്കുന്നതും മാനുഷിക ഗുണമേന്മകളിൽ നിന്ന് മനുഷ്യനെ അകറ്റിക്കൊണ്ടുപോകുന്നതുമാണ് ലഹരിശീലം. ഈ അകൽച്ച സ്വാഭാവികമായും ഒരുവനെ വിഭ്രമാത്മകമായ അവസ്ഥകളിലേക്കും ഗുരുതരമായ മാനസിക വിഹ്വലതകളിലേക്കും നയിക്കുകയും ചെയ്യും. അത്യന്തം ഭീതിദമായ ഈ അവസ്ഥ മനുഷ്യനെയും അവന്റെ ആവാസവ്യവസ്ഥകളെയും കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെ തന്നെയും വലിയ അപകടങ്ങളിലേക്ക് എത്തിക്കുമെന്നതിൽ തർക്കമില്ല. ഇത് ദീർഘദർശനം ചെയ്തിട്ടാണ് ഗുരുദേവനെപ്പോലുള്ള മഹാത്മാക്കൾ ലഹരി വർജിക്കണമെന്ന് ഉപദേശിച്ചിട്ടുള്ളത്.

ബോധത്തിന്റെ

സൂര്യവെളിച്ചം

ലഹരി ബുദ്ധിയെ കെടുത്തുമെന്നും സ്വാതന്ത്ര്യത്തെ തടയുമെന്നും ഗുരുദേവൻ അസന്ദിഗ്ദ്ധമായി പറഞ്ഞതും മദ്യം ഉണ്ടാക്കരുത്, കുടിക്കരുത്, കൊടുക്കരുത് എന്ന് വ്യക്തമായി കൽപ്പിച്ചതും ആധുനിക മനുഷ്യൻ എന്ന് അവകാശപ്പെടുന്ന നാം ഇനിയും വേണ്ടും വിധം പാലിക്കുകയോ പ്രയോഗത്തിൽ വരുത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുണ്ടാകുന്ന ദുരന്ത ഫലങ്ങളിൽപ്പെട്ട് സമൂഹം കെട്ടുപോകുന്ന കാഴ്ച അത്യന്തം പരിതാപകരമാണ്. മനുഷ്യൻ ദുഷിച്ചാൽ ലോകം നന്നായിട്ട് എന്തു പ്രയോജനമെന്ന ഗുരുവചനവും ഈ സന്ദർഭത്തിൽ ഏറെ പ്രസക്തമായി വരുന്നു.

മനുഷ്യനെ മനുഷ്യനായി നിലനിറുത്തുന്നത് ബോധമാണ്, അറിവാണ്, വിവേകമാണ്, ധർമ്മാധർമ്മ നിശ്ചയമാണ്. അവയെ വേണ്ടിടത്ത് വേണ്ടുംവിധം പ്രകാശിപ്പിക്കുന്നതും വിനിമയിപ്പിക്കുന്നതും ബുദ്ധിയാണ്. ആ ബുദ്ധിയുടെ സ്ഥിരതയ്ക്ക് മങ്ങലുണ്ടായാൽ, അഥവാ ബുദ്ധി കെട്ടുപോയാൽ മനുഷ്യന്റെ സഹജമായ വാസനയും ബോധവും ഭാവനയും സ്വഭാവവുമെല്ലാം മലിനപ്പെട്ടു പോകും. ആ ബുദ്ധികൊണ്ട് തൊടുന്നതെല്ലാം അനർത്ഥമായിത്തീരുകയും ചെയ്യും. ബുദ്ധി കെട്ടുപോയാൽ തൊഴിൽ എങ്ങനെ നന്നാവും എന്ന് ഗുരുദേവൻ ചോദിക്കുന്നത് ഇനിയെങ്കിലും നമ്മൾ കേൾക്കാതെ പോകരുത്.

ശാസ്ത്രലോകവും സാങ്കേതിക മേഖലകളും ഇത്രയേറെ പുരോഗമിച്ചിട്ടുള്ള ഈ ആധുനിക ലോകത്ത്, അതിന്റെയൊക്കെ ഫലപ്രദമായ വിനിയോഗം കൊണ്ട് ജീവിതവും സമൂഹവും ലോകം തന്നെയും ശാന്തവും ധന്യവുമായിത്തീരണമെങ്കിൽ മനുഷ്യൻ മനുഷ്യനായിത്തന്നെ ജ്വലിച്ചു നിൽക്കണം. മനുഷ്യത്വത്തിന് മറയാകുന്നതും വിഘാതമാകുന്നതും എന്തെല്ലാമാണോ, അതെല്ലാം ദുരീകരിക്കപ്പെടണം. ജീവിതം ദീപം പോലെ തെളിഞ്ഞു നിൽക്കാനുള്ളതാണ്. അതിന്റെ മറയൽ മരണതുല്യവും. അതുകൊണ്ട് നമുക്ക്, നമ്മുടെ ജീവിതത്തെയും ആ ജീവിതത്തിന്റെ തുടർച്ചയ്ക്ക് അരങ്ങായിത്തീരുന്ന ഈ ലോകത്തെയും എപ്പോഴും ഭാസുരമാക്കി നിലനിറുത്താനാവണം. അതിനുള്ള ഇന്ധനം അറിവ് മാത്രമാണ്.

പരിവർത്തനം

പ്രവൃത്തിയാകട്ടെ

ജീവിതത്തിന്റെ ലഹരിയെ നിർണയിക്കുന്നതും നിലനിറുത്തുന്നതും മദ്യത്തിന്റേയോ മയക്കുമരുന്നിന്റെയോ ലഹരിയല്ലെന്നും, മറിച്ച് അറിവിന്റെ ലഹരിയാണെന്നുമുള്ള ഉത്തമമായ ബോദ്ധ്യം കൗമാരത്തിൽത്തന്നെ കുട്ടികളിൽ ഉറപ്പിക്കേണ്ടതുണ്ട്. അതിന് അനുഗുണമാകുന്ന രീതിയിൽ നമ്മുടെ പാഠ്യക്രമങ്ങളിലും പദ്ധതികളിലും കാതലായ മാറ്റങ്ങൾ അടിയന്തരമായി വരുത്തുകയും, വിദ്യാലയാന്തരീക്ഷത്തെ ശുദ്ധിപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും അദ്ധ്യാപകരും രക്ഷിതാക്കളും പൗരപ്രമുഖരും അടങ്ങുന്ന കൂട്ടായ്മയുടെ ശ്രദ്ധ കൃത്യമായി പതിയുകയും വേണം. ഇതിന് ഉപോത്ബലകമായി നിലകൊള്ളുന്ന ഗുരുവാക്യങ്ങൾ ചിന്തയിലും വർത്തമാനത്തിലും കടന്നുവരും വിധം വിദ്യാലയാന്തരീക്ഷവും കുടുംബാന്തരീക്ഷവും പരിവർത്തനപ്പെടണം. പൊതുഇടങ്ങളിൽ നിയമപാല കർക്കൊപ്പം സന്നദ്ധ പ്രവർത്തകരുടെ സാന്നിദ്ധ്യവും നോട്ടവും എത്തുകയും വേണം.

ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരേക്കാൾ അപകടം വിതയ്ക്കുന്നത് ഇത്തരം ഇനങ്ങളുടെ വാഹകരാണ്. വാസ്തവത്തിൽ അവരിൽ പലരും ഈ ചെയ്തിയുടെ ഭവിഷ്യത്തിനെക്കുറിച്ച് വേണ്ടത്ര ബോധമുള്ളവരായിരിക്കണമെന്നുമില്ല. കുട്ടികളെപ്പോലും ഇതിന് കരുവാക്കിത്തീർക്കുന്ന നില എന്തു വില കൊടുത്തും ചെറുക്കേണ്ടതാണ്. നാളത്തെ ലോകത്തിന്റെ മികവിന് വേണ്ട വിളകളൊരുക്കുന്ന ഇന്നിന്റെ ആവശ്യമാണത്. ശക്തമായ ബോധവത്കരണം കൊണ്ടേ ഇത് സാദ്ധ്യമാകൂ. വേഗം പണമുണ്ടാക്കാനുള്ള ആവേശവും ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്ന് വിടുതലാകാനുള്ള വ്യഗ്രതയും ഈ രംഗത്തിന് ഗുണകരമാക്കിയെടുക്കുന്ന ലഹരിമാഫിയയുടെ വിഷലിപ്തത തുറന്നു കാട്ടാൻ ഏവരും ഒന്നിക്കേണ്ട കാലമാണിത്.

വാ‌ർത്താ മാദ്ധ്യമങ്ങളുടെയും സമൂഹ മാദ്ധ്യമങ്ങളുടെയും സഹകരണം ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമാണ്. എത്ര സെൻസേഷനുണ്ടാക്കുന്നതായാൽ പോലും സമൂഹത്തിന്റെ ഭദ്രതയ്ക്ക് കോട്ടം തട്ടുന്ന നെഗറ്റീവ് വാർത്തകൾക്ക് അളവിൽ കവിഞ്ഞ പ്രാധാന്യം മാദ്ധ്യമങ്ങൾ കല്പിക്കുന്ന ഇന്നത്തെ രീതിയും നന്നല്ല. കാരണം അത് മോശം സന്ദേശം സമൂഹത്തിന് നൽകുമെന്നതാണ്. എത്ര നല്ലതിനേക്കാളും നല്ലതല്ലാത്തതിലേക്ക് അടുക്കാനുള്ള മനസിന്റെ കാന്തം പോലെയുള്ള പ്രവണത കാണാതെ പോകരുത്. ഏത് അറിവാൽ ആണോ നമുക്ക് പരോപകാരിയായും ലോകത്തെ സേവിക്കുന്നവനായും മാറാൻ സാധിക്കുന്നത്, ആ അറിവിന്റെ ലഹരികൊണ്ട് ജീവിതത്തെ അമൃതമയമാക്കുവാനും ശ്രേയസ്‌കരമാക്കുവാനും സാദ്ധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

TAGS: LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.