തിരുവനന്തപുരം:നിരീക്ഷണത്തിന് മുതൽ ഫുഡ് ഡെലിവറിക്കു വരെ ഉപയോഗിക്കാവുന്ന ഡ്രോൺ.ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ ദൂരെയുള്ള വസ്തുക്കൾവരെ കണ്ടെത്താം.ആശയവിനിമയത്തിനും സാധിക്കും.തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ(സി.ഇ.ടി)ഏറോ സി.ഇ.ടി എന്ന സംഘത്തിലെ ഒൻപത് വിദ്യാർത്ഥികൾ വികസിപ്പിച്ച ഡ്രോൺ ദേശീയനേട്ടത്തിന്റെ തിളക്കത്തിലാണ്.
സൊസൈറ്റി ഫോർ ഓട്ടോമൊബൈൽ എൻജിനിയറിംഗ്(എസ്.എ.ഇ ഇന്ത്യ) ചെന്നൈ കെ.സി.ജി കോളേജ് ഒഫ് ടെക്നോളജിയിൽ നടത്തിയ ഓട്ടോണമസ് ഡ്രോൺ ഡെവലപ്മെന്റ് ചലഞ്ചിൽ മികച്ച ടെക്നിക്കൽ ഡിസൈൻ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ്. 60ഓളം ടീമുകൾ മത്സരിച്ചതിൽ അഖിലേന്ത്യാ തലത്തിൽ പത്താംസ്ഥാനവും കേരളത്തിൽ നിന്ന് ഒന്നാംസ്ഥാനവും സംഘം കരസ്ഥമാക്കി.
കോളേജിൽ നിശ്ചയിച്ച പ്രത്യേക സ്ഥലത്ത് പറന്നെത്തി 80 ഗ്രാമുള്ള ഒരു വസ്തു ഉയർത്തുന്നതായിരുന്നു നൽകിയിരുന്ന ദൗത്യം. ക്യൂ ആർ സ്കാൻ ചെയ്ത് സ്ഥലത്ത് വേഗത്തിൽ പറന്നിറങ്ങുന്നതിൽ ഡ്രോണിന്റെ ഘടന സഹായിച്ചു. നാലുമാസമെടുത്താണ് ഡ്രോൺ വികസിപ്പിച്ചത്. പരിഷ്കരണത്തിലൂടെ പ്രതിരോധം, ജിയോ മാപ്പിംഗ് അടക്കമുള്ള രംഗത്തും ഡ്രോൺ ഉപയോഗിക്കാമെന്ന് സംഘത്തിന് മെന്റർഷിപ്പ് നൽകിയ മെക്കാനിക്കൽ എൻജിനിയറിംഗ് അസിസ്റ്റന്റ് പ്രൊഫസർ എ.പ്രവീൺ കേരളകൗമുദിയോട് പറഞ്ഞു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് മൂന്നാംവർഷ വിദ്യാർത്ഥി അമല.എൻ.സന്തോഷ് പ്രോജക്ടിന് നേതൃത്വം നൽകി.
പിന്തുണച്ച് പൂർവ വിദ്യാർത്ഥികളും
സി.ഇ.ടിയുടെ പൂർവവിദ്യാർത്ഥി സംഘടനയായ സി.ഇ.ടി അലുമിനി പ്രോജക്ടിന്റെ വിവിധ ഘട്ടങ്ങളിൽ പിന്തുണച്ചു. ഇറാം ഹോൾഡിംഗ്സായിരുന്നു സ്പോൺസർഷിപ്പ്. കോളേജിലെ എല്ലാ വർഷങ്ങളിൽ നിന്നും എല്ലാ വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾ ഉൾപ്പെടുന്നതാണ് ഏറോ സി.ഇ.ടി ക്ലബ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |