ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് സൈനികതലത്തിൽ തിരിച്ചടി നൽകാൻ ഇന്ത്യയുടെ തീരുമാനം. എവിടെ, എപ്പോൾ, എങ്ങനെ പ്രഹരിക്കണമെന്നും ആക്രമണത്തിന്റെ വ്യാപ്തി എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി സേനാവിഭാഗങ്ങൾക്ക് നൽകിയതോടെ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയിലായി രാജ്യം. ദേശീയ സുരക്ഷാ കാര്യങ്ങളിൽ നിർണായക തീരുമാനമെടുക്കുന്ന മന്ത്രിതല സമിതി ഇന്നു രാവിലെ സ്ഥിതിഗതികൾ വിലയിരുത്തും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, മൂന്ന് സായുധ സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി സൈന്യത്തിന് അനുവാദം നൽകിയത്.
ഭീകരതയ്ക്ക് കനത്ത പ്രഹരം ഏൽപ്പിക്കണമെന്നത് രാജ്യത്തിന്റെ ദൃഢനിശ്ചയമാണെന്നും സൈന്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതായി അറിയുന്നു.
കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, ആഭ്യന്തരമന്ത്രി അമിത് ഷായും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും പ്രധാനമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തി.
ആഭ്യന്തര മന്ത്രാലയത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ അദ്ധ്യക്ഷതയിൽ ബി.എസ്.എഫ്, എസ്.എസ്.ബി, അസം റൈഫിൾസ്, ദേശീയ സുരക്ഷാ ഗാർഡ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് എന്നിവയുടെ മേധാവികളും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത നിർണായക യോഗവും നടന്നു.
ഏപ്രിൽ 22 ന് നടന്ന പഹൽഗാം ആക്രമണത്തിനുശേഷം പ്രധാനമന്ത്രി അദ്ധ്യക്ഷനായ സുരക്ഷാ സമിതിയുടെ രണ്ടാം യോഗമാണ് ഇന്ന് രാവിലെ 11ന് ചേരുക. സുരക്ഷാ സമിതി യോഗത്തിന് ശേഷം, പ്രധാനമന്ത്രി മോദിയുടെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയകാര്യ മന്ത്രിതല സമിതിയും യോഗം ചേരും.
ഭീകരർ ഉടൻ
പിടിയിലായേക്കും
# പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷാസേനയുടെ തെരച്ചിൽ പുരോഗമിക്കുന്നു. വനമേഖലയിൽ ഒളിച്ചു കഴിയുന്നതായാണ് സൂചന. ഉൾഗ്രാമങ്ങളിൽ ചിലർ തോക്കു ചൂണ്ടി ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോയത് ഇവർക്കുവേണ്ടിയാണെന്ന് കരുതുന്നു
# ആക്രമണം നടത്തുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ ഭീകരർ പഹൽഗാമിൽ ഉണ്ടായിരുന്നതായി സൂചന. ഇതു സൂചിപ്പിക്കുന്ന ചില വീഡിയോ ദൃശ്യങ്ങൾ എൻ.ഐ.എ പരിശോധിക്കുന്നു. അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത എൻ.ഐ.എ, സംഭവങ്ങളുടെ ക്രമം പുനർനിർമ്മിക്കുന്നതിനും, സംശയിക്കുന്നവരെ തിരിച്ചറിയുന്നതിനും, ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിനുമായി അനന്ത്നാഗ് ജില്ലയിൽ വിവിധ ടീമുകളെ വിന്യസിച്ചു.
# കാശ്മീരിൽ നാല് മേഖലകളിലാണ് ഭീകരർക്കെതിരായ ഓപ്പറേഷൻ. ബുദ്ഗാമിലെ ദൂത്പത്രി, അനന്ത്നാഗിലെ വെരിനാഗ് തുടങ്ങി 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കുപ്വാര, ബാരാമുള്ള തുടങ്ങിയ അതിർത്തികളിൽ പാക് റേഞ്ചർമാരുടെ വെടിവയ്പ്. ഇന്ത്യൻ സേന തിരിച്ചടിച്ചു.
# പ്രത്യേക പാർലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് കോൺഗ്രസ്. സി.പി.ഐ, ആർ.ജെ.ഡി, സമാജ്വാദി, തൃണമൂൽ പാർട്ടികൾ.
# പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ 'എക്സ് " അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. പ്രകോപനപരമായ പോസ്റ്റുകൾ കണക്കിലെടുത്താണിത്. പാക് സർക്കാർ എക്സ് അക്കൗണ്ടുകൾക്കും നിലവിൽ വിലക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |