തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റിൽ തർക്കം വേണ്ട. അത് ജനം തീരുമാനിക്കും. ക്രെഡിറ്റ് നാടിന് ആകെയുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷം പദ്ധതിക്ക് നിർണായകമായിരുന്നു. ഇക്കാലയളവിൽ ഞങ്ങൾ ചെയ്യേണ്ടത് ചെയ്തു. അതിൽ ചാരിതാർത്ഥ്യമുണ്ട്. കല്ലിട്ടാൽ എല്ലാമാകില്ല. പദ്ധതിയെ കപ്പലോടുന്ന പരുവത്തിലെത്തിച്ചു. ബോട്ട് തള്ളിക്കൊണ്ടുവന്നുള്ള ഉദ്ഘാടനമല്ല നടക്കുന്നതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
എൽ.ഡി.എഫ് സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ ഒരോ മലയാളിക്കുമുള്ള സമ്മാനമായാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിംഗ് നടക്കുന്നത്. ഇതൊരു പുതിയ തുറമുഖത്തിന്റെ തുടക്കം കുറിക്കൽ മാത്രമല്ല. ഇന്ത്യൻ വ്യാപാരത്തിനും ലോജിസ്റ്റിക്സിനും ആഗോള തലത്തിൽ നിർണ്ണായകസ്ഥാനം നൽകുന്ന പുതിയ യുഗത്തിന്റെ പ്രാരംഭ മുഹൂർത്തമാണിത്. കേരള സർക്കാരിന്റെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്റെയും പ്രതീകമായാണ് അത് യാഥാർത്ഥ്യമാകുന്നത്. ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖം വിഴിഞ്ഞമാണ്. നിലവിൽ ആകെ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും വഹിക്കുന്നത് കേരളമാണ്. സർക്കാരിന്റെ പത്താം വാർഷികത്തിൽ രാജ്യത്തിന് സമർപ്പിക്കപ്പെടുന്ന ഈ അഭിമാന പദ്ധതി ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവിനെ വീണ്ടും സ്വാഗതം
പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്നത് കോൺഗ്രസിന്റെ ആഗ്രഹം മാത്രമാണ്. ചടങ്ങിൽ
പ്രതിപക്ഷനേതാവ് പങ്കെടുക്കാതിരിക്കുമെന്ന് കരുതുന്നില്ല. വീണ്ടും സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ക്ഷണം ചെന്നത് അവസാനമാണ്. എല്ലാം തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസാണ്. സർക്കാർ കൊടുത്ത ലിസ്റ്റിൽ പ്രതിപക്ഷനേതാവിന്റെ പേരുണ്ടായിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ ഉൾപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ എൽ.ഡി.എഫ് കൺവീനറോ പാർട്ടി സെക്രട്ടറിമാരോ ഉണ്ടായിരുന്നില്ല.
കൂടെ വന്നത് കുടുംബമായതിനാൽ
വിഴിഞ്ഞം സന്ദർശനത്തിൽ മകളും കുട്ടിയും കൂടെവന്നത് അവർ തന്റെ കുടുംബം ആയതിനാലാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ചെറുമകൻ ഔദ്യോഗിക യോഗത്തിൽ പങ്കെടുത്തുവെന്നത് തെറ്റാണ്.
സന്ദർശനവേളയിൽ പ്രധാനമന്ത്രിയുടെ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തില്ല. ചെറുമകൻ കുഞ്ഞായിരുന്ന കാലം മുതൽ പോകുന്ന പലചടങ്ങുകളിലും ഞാൻ എടുത്തുകൊണ്ട് പോയിരുന്നത് എല്ലാവർക്കും അറിയാവുന്നതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |