തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുമ്പോൾ കേരളം വികസനക്കുതിപ്പിലേക്കാണ് കാലൂന്നുന്നത്. മാരിടൈം ഭൂപടത്തിൽ വിഴിഞ്ഞമായിരിക്കും ഇനി ഇന്ത്യയെ അടയാളപ്പെടുത്തുക.
യൂറോപ്പിനെയും ആഫ്രിക്കയെയും ഏഷ്യയുമായി ബന്ധിപ്പിക്കുന്ന കപ്പൽപാതയോട് ഏറ്റവുമടുത്തുള്ള (18.5കിലോമീറ്റർ) തുറമുഖമാണ് വിഴിഞ്ഞം. 20 മീറ്റർ സ്വാഭാവിക ആഴമുള്ള വിഴിഞ്ഞം ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എം.എസ്.സി തുർക്കിയെ ചേർത്തണച്ചും കരുത്ത് തെളിയിച്ചു.
കൊളംബോ തുറമുഖം കപ്പൽച്ചാലിന് 25 നോട്ടിക്കൽ മൈൽ അകലെയാണ്. മുംബയ് 700 നോട്ടിക്കൽമൈലും മുന്ദ്ര 1150 നോട്ടിക്കൽ മൈലും അകലെയാണ്. വിഴിഞ്ഞത്തിനു പകരം ഇവിടങ്ങളിലെത്താൻ 50 മണിക്കൂറിലേറെ അധികയാത്ര വേണം. കൊച്ചിവഴി അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 60- 65ദിവസവും യൂറോപ്പിലേക്ക് 40ദിവസവുമെടുക്കുമെങ്കിൽ വിഴിഞ്ഞത്തെ നേരിട്ടുള്ള സർവീസിൽ അമേരിക്കയിലേക്ക് 35, യൂറോപ്പിലേക്ക് 22 ദിവസം മതിയാവും. രാജ്യാന്തര കപ്പൽപാതയിൽ നിന്ന് ഒരുമണിക്കൂർ കൊണ്ടെത്താവുന്ന വിഴിഞ്ഞത്ത് നങ്കൂരമിടാൻ കപ്പലുകൾ ഊഴംകാത്തുകിടക്കും.
ഉദ്ഘാടനത്തിനു മുമ്പുതന്നെ സുപ്രധാന തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറിക്കഴിഞ്ഞു. നിലവിൽ പ്രതിദിനം ശരാശരി 3000കണ്ടെയ്നറുകൾ നീക്കുന്നുണ്ട്. ആദ്യഘട്ടം കമ്മിഷൻ ചെയ്യുമ്പോൾ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാവും. അടുത്തഘട്ടങ്ങൾ 2028ഡിസംബറിൽ പൂർത്തിയാവുമ്പോൾ ശേഷി പ്രതിവർഷം 45 ലക്ഷം കണ്ടെയ്നറാവും.
തുറമുഖ വികസനത്തിനായി 20,000കോടി അദാനി പ്രഖ്യാപിച്ചിട്ടുണ്ട്. 9600 കോടി അടുത്തഘട്ടങ്ങളുടെ വികസനത്തിനാണ്. തുറമുഖത്തെ മാരിടൈം, ലോജിസ്റ്റിക് ഹബാക്കി മാറ്റും. ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് യൂണിറ്റ്, ക്രൂസ് ടെർമിനൽ എന്നിവയും വരും.
സർക്കാരിന് ജി.എസ്.ടി നേട്ടം
ഒരു കപ്പൽ വന്നുപോവുമ്പോൾ ശരാശരി ഒരുകോടി രൂപ തുറമുഖ കമ്പനിക്ക് ലഭിക്കും. ചരക്കിറക്കുമ്പോൾ ഐ.ജി.എസ്.ടിയുടെ പകുതി സംസ്ഥാനത്തിനാണ്. ലോഡിംഗ്, അൺലോഡിംഗ്, കപ്പലുകൾക്ക് നൽകുന്ന മറ്റു സേവനങ്ങൾ എന്നിവയ്ക്ക് നികുതി ലഭിക്കും. വരുമാനത്തിന്റെ 18% ആണ് ജി.എസ്.ടി. ഇത് സംസ്ഥാനവും കേന്ദ്രവും തുല്യമായി വീതിച്ചെടുക്കും. പത്തു വർഷത്തിനു ശേഷം ആകെ വരുമാനത്തിന്റെ ഒരു ശതമാനം സർക്കാരിന് കിട്ടും. ഇത് ഓരോ വർഷവും ഒരു ശതമാനം വീതം കൂടും (പരമാവധി 25%). 40വർഷം വരെ ഈ വരുമാനം കിട്ടും. 65 വർഷം തുറമുഖനടത്തിപ്പ് അദാനിക്കാണ്.
ദീർഘവീക്ഷണം ഇവരുടേത്
ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ
1940ൽ വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യത പരിശോധിക്കാൻ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ സർവേ നടത്തി. ദിവാൻ രാമസ്വാമി അയ്യർ ഇംഗ്ലണ്ടിലെ തുറമുഖക്കമ്പനിയുമായി ചർച്ച നടത്തി
കെ. കരുണാകരൻ
വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിവയ്ക്കുന്നത് 1991ലെ കെ. കരുണാകരൻ സർക്കാരായിരുന്നു
എം.വി. രാഘവൻ
1991ൽ കരുണാകരൻ മന്ത്രിസഭയിൽ തുറമുഖ മന്ത്രിയായിരുന്ന എം.വി. രാഘവനാണ് വിഴിഞ്ഞത്ത് തുറമുഖം നിർമ്മിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചത്. ഇതിനായി കുമാർ ഗ്രൂപ്പുമായി സഹകരണമുണ്ടാക്കി
ഇ.കെ. നായനാർ
തുറമുഖത്തിനായി ബി.ഒ. ടി വ്യവസ്ഥയിൽ ആദ്യ കരാറിന് രൂപംനൽകിയത് 1996ലെ ഇ.കെ. നായനാർ സർക്കാരാണ്. പഠനം നടന്നെങ്കിലും കരാർ എങ്ങുമെത്തിയില്ല
എ.കെ. ആന്റണി
2001ലെ എ.കെ. ആന്റണി സർക്കാരാണ് തുറമുഖ നിർമാണത്തിനായി ആദ്യ ആഗോള ടെൻഡർ വിളിക്കുന്നത്. എം.വി. രാഘവനായിരുന്നു തുറമുഖമന്ത്രി
ഉമ്മൻചാണ്ടി
തുറമുഖം യാഥാർത്ഥ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ചത് 2011ൽ അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാരാണ്. അദാനിയെ കൊണ്ടുവന്നതും കരാറൊപ്പിട്ടതും ഉമ്മൻചാണ്ടിയാണ്
പിണറായി വിജയൻ
പിണറായി സർക്കാർ തുറമുഖത്തിനുള്ള പ്രതിസന്ധികളെല്ലാം പരിഹരിച്ചു. കരാറുകാരുമായുള്ള തർക്കങ്ങൾ തീർത്തു. കഴിഞ്ഞ ജൂലായിൽ ട്രയൽ റണ്ണും നടത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |