ന്യൂഡൽഹി: അട്ടാരി-വാഗ അതിർത്തിവഴി ഇതിനോടകം ഇന്ത്യ വിട്ടത് 786 പാകിസ്ഥാൻ പൗരന്മാർ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെത്തിയ പാകിസ്ഥാൻ പൗരന്മാരോട് തിരികെ പോകാൻ കേന്ദ്ര സർക്കാർ അനുവദിച്ച സമയപരിധി ചൊവ്വാഴ്ചയാണ് അവസാനിച്ചത്.
1,465 ഇന്ത്യക്കാർ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയതായും അധികൃതർ വ്യക്തമാക്കി. അതേസമയം, ഇന്ത്യയിലുണ്ടായിരുന്ന 20 നയതന്ത്ര ഉദ്യോഗസ്ഥരും പാക് സൈനിക ഉദ്യോഗസ്ഥരും ഇന്നലെ പാകിസ്ഥാനിലേക്ക് മടങ്ങിയിട്ടുണ്ട്.
ഏപ്രിൽ 24 മുതലാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് പാക് പൗരത്വമുള്ളവർ മടങ്ങിത്തുടങ്ങിയത്. 27 ഓടെ ഇന്ത്യവിട്ട് പോകണമെന്നായിരുന്നു സർക്കാർ നിർദ്ദേശിച്ചിരുന്നത്. മെഡിക്കൽ വിസയിലെത്തിയവർക്ക് 29 വരെ ഇളവും നൽകിയിരുന്നു. നയതന്ത്ര, ഉദ്യോഗ, ദീർഘകാല വിസയുള്ളവരെ ഇന്ത്യയിൽ തുടരാൻ അനുവദിച്ചിരുന്നു.
12 വിഭാഗങ്ങളിലായി ഹ്രസ്വകാല വിസയുമായി ഇന്ത്യയിലെത്തിയ പാകിസ്ഥാൻ പൗരർക്ക് ഇന്ത്യ വിടാനുള്ള അവസാനദിവസം ഞായറാഴ്ചയായിരുന്നു.
പാകിസ്ഥാനിലേക്ക് നേരിട്ട് വിമാന സർവീസില്ലാത്തതിനാൽ ദുബായ് പോലുള്ള റൂട്ടുകൾ വഴിയാണ് പലരും മടങ്ങിയതെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് സേനകളും മറ്റ് ദേശീയ ഏജൻസികളും തിരച്ചിൽ തുടരുന്നതിനാൽ ഇന്ത്യയിൽ തുടരുന്ന മറ്റ് പാക് പൗരരും ഉടനെ തന്നെ ഇവിടം വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യം ശൗര്യചക്ര നൽകി ആദരിച്ച കോൺസ്റ്റബിളിന്റെ അമ്മയോട് രാജ്യം വിടാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകൾ ജമ്മു കാശ്മീർ പൊലീസ് തള്ളി. 2022 മേയിലാണ് കോൺസ്റ്റബിൾ മുദസിർ അഹമ്മദ് ഷേക്ക് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. 2023ലാണ് മരണാനന്തര ബഹുമതിയായി രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചത്. മുദസീറിന്റെ അമ്മ ഷമീമയാണ് അന്ന് രാഷ്ട്രപതിയിൽ നിന്ന് ശൗര്യചക്രം ഏറ്റുവാങ്ങിയത്.
പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ
പഹൽഗാം ആക്രമണത്തെ തുടർന്ന് നിയന്ത്രണ രേഖയിലുടനീളം വെടിവയ്പ് നടത്തുന്ന പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ സേന. കഴിഞ്ഞ ദിവസം ഇന്ത്യയുടെയും പാകിസ്ഥാന്റെയും മിലിട്ടറി ഓപ്പറേഷൻസ് (ഡി.ജി.എം.ഒ) മേധാവിമാർ ഹോട്ട്ലൈൻ വഴി സംസാരിച്ചപ്പോഴാണ് മുന്നറയിപ്പ് നൽകിയത്. അതിർത്തിയിലെ സ്ഥിതിഗതികൾ വിലത്തിരുത്താൻ മേധാവിമാർ ഹോട്ട്ലൈനിൽ ബന്ധപ്പെടുന്നത് പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |