കൊച്ചി: ആരാധകൻ സമ്മാനിച്ച പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ വേടനെതിരെ അന്വേഷണം കടുപ്പിച്ച് വനം വകുപ്പ്. പുലിപ്പല്ല് വേടന് സമ്മാനമായി നൽകിയെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വേടന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം, ഏത് അന്വഷണവുമായി സഹകരിക്കാമെന്നും രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താൻ താനും അന്വേഷണം സംഘത്തിനൊപ്പം ചെല്ലാമെന്നും വേടൻ ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. കർശന വ്യവസ്ഥകളോടെയാണ് വേടന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചത്. പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. വേടനെ അറസ്റ്റ് ചെയ്തതതിൽ വനംവകുപ്പിനെതിരെ വ്യാപക വിമർശനവും തുടരുകയാണ്. വേടനെതിരായ നടപടി വനംവകുപ്പ് ഉദ്യോഗസ്ഥർ പെരുപ്പിച്ചുക്കാട്ടിയെന്നും വിശദീകരണം തേടുമെന്നും വനം മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടുപോകരുത്, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം,
വ്യാഴാഴ്ചകളിൽ സ്‌റ്റേഷനിൽ ഹാജരാകണം എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ. പുകവലിയും മദ്യപാനവും മോശമാണ്, തന്നെ കേൾക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാർ ക്ഷമിക്കണം - പുറത്തിറങ്ങിയ ശേഷം വേടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഫ്ലാറ്റിൽ കഞ്ചാവ് കണ്ടെടുത്ത കേസിൽ പിടികൂടിയപ്പോഴാണ് വേടന്റെ പുലിപ്പല്ല് മാല പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
വേടന്റെ ജാമ്യവുമായി ബന്ധപ്പെട്ട് വനം വകുപ്പ് നൽകിയ വിശദീകരണം ഇങ്ങനെ,'ഉന്നതസ്വാധീനമുള്ള വ്യക്തിയാണ് വേടൻ. തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ട്. വേടന്റെ മാനേജരെ ചോദ്യം ചെയ്താൽ മാത്രമേ ഉറവിടം അറിയാനാകൂ. പുലിപ്പല്ല് നൽകിയതെന്ന് പറയുന്ന രഞ്ജിത്തിനെ കണ്ടെത്താനായിട്ടില്ല. വിശദമായ അന്വേഷണം ആവശ്യമാണ്'- വനം വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |