കോഴിക്കോട്: തിരുവനന്തപുരത്തെ വിഴിഞ്ഞം രാജ്യാന്തര തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംപി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് എത്ര സ്വര്‍ണം പൂശി പിആര്‍ വര്‍ക്ക് നടത്തി പിണറായിയുടെ പ്രതിമ എടുത്ത് കാണിച്ചാലും ജനങ്ങള്‍ കാണുക ഉമ്മന്‍ ചാണ്ടിയെ ആയിരിക്കുമെന്ന് ഷാഫി വിമര്‍ശിച്ചു. പിണറായിയെന്ന ബല്ലാല ദേവന്റെ പ്രതിമയല്ല മറിച്ച് ഉമ്മന്‍ ചാണ്ടിയെന്ന ബാഹുബലിയെ ആണ് മലയാളികള്‍ കാണുന്നതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
5,000 കോടി രൂപയുടെ പദ്ധതിക്ക് 6,000 കോടി രൂപ അഴിമതി ആരോപിച്ച ആളുകള്‍ ഇപ്പോള്‍ ഒരു ജാള്യതയുമില്ലാതെ തങ്ങള്‍ കൊണ്ടു വന്നതാണെന്ന് പറയാന്‍ ശ്രമിക്കുന്നു. ആയിരം ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി വൈകാന്‍ സര്‍ക്കാറിന്റെ മെല്ലേപ്പോക്കും കാരണമായി. റോഡ്, റെയില്‍ കണക്ടിവിറ്റി ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.
വിഴിഞ്ഞം പദ്ധതി കടന്നുവന്ന വഴികളില്‍ അര്‍ഹതപ്പെട്ട ആളുകള്‍ക്ക് അംഗീകാരം നല്‍കുക എന്നത് ജനാധിപത്യ മര്യാദയാണ്. അത് അവര്‍ കാണിക്കാത്തത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല. അവരില്‍ നിന്ന് അത്തരമൊരു സമീപനം പ്രതീക്ഷിക്കുന്നുമില്ല.
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ഉമ്മന്‍ചാണ്ടിയെ വിളിച്ചില്ല. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് കുമ്മനം രാജശേഖരനും വിഴിഞ്ഞം ഉദ്ഘാടനത്തിന് രാജീവ് ചന്ദ്രശേഖരനും വരാം. അന്ന് ഉമ്മന്‍ചാണ്ടിയെയും ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കക്ഷിക്കാതെ ഔദ്യോഗിക പരിപാടിയില്‍ തൊട്ടുകൂടായ്മ കാണിക്കുകയാണ്. ഔദ്യോഗിക പരിപാടിയില്‍ തൊട്ടുകൂടായ്മ കാണിക്കുന്നത് ബി.ജെ.പിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണെന്നും ഷാഫി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |