ന്യൂഡൽഹി: വെടിനിറുത്തൽ കരാർ പാകിസ്ഥാൻ നിരന്തരം ലംഘിക്കുന്ന പശ്ചാത്തലത്തിൽ എന്തിനും സജ്ജമാണെന്ന് ഇന്ത്യൻ കര,നാവിക, വ്യോമസേനാ മേധാവികൾ വ്യക്തമാക്കി. അതിർത്തി ലംഘിച്ചാൽ തകർത്തുകളയുമെന്ന് നാവിക സേന മുന്നറിയിപ്പും നൽകി. അറബിക്കടലിൽ സേന അഭ്യാസം തുടരുന്നതിനിടെയാണിത്.
യുദ്ധക്കപ്പലുകളടക്കം അണിനിരത്തി നടത്തുന്ന അഭ്യാസ പ്രകടനത്തിന്റെ സ്വഭാവം ഏത് നിമിഷവും മാറാം. നാവികസേന മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി നേരിട്ടാണ് അഭ്യാസ പ്രകടനം വിലയിരുത്തുന്നത്.
85 നോട്ടിക്കൽ മൈൽ അകലെ പാക് നാവിക സേനയും സമാന അഭ്യാസ പ്രകടനം നടത്തുന്നുണ്ട്. ഇന്നുവരെയാണ് ഇന്ത്യയുടെ അഭ്യാസ പ്രടകനം. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും കരസേനയും വിന്യാസം കൂട്ടിയിട്ടുണ്ട്. റഫാലടക്കം യുദ്ധവിമാനങ്ങൾ അണിനിരത്തി യു.പിയിലെ ഗംഗാ എക്സ് പ്രസ് വേ റൺവേയാക്കി വായുസേനയുടെ അഭ്യാസപ്രകടനം ഉച്ചക്ക് ശേഷം നടക്കും.
രുദ്രയടക്കം എൽ.എൽ.എച്ച് ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ കരസേനയ്ക്കും വ്യോമ സേനയ്ക്കും അനുമതി നൽകി. സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ ജനുവരി മുതൽ ഇവയുടെ ഉപയോഗം നിറുത്തിവച്ചിരുന്നു. കവചിത വാഹനങ്ങളും ഡ്രോണുകളും തകർക്കാൻ കഴിയുന്ന രുദ്രയെ ഇന്ത്യ പാക് സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് വീണ്ടും കളത്തിലിറക്കാൻ തീരുമാനിച്ചത്. സാഹചര്യം പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ നിരീക്ഷിക്കുന്നുണ്ട്. കുപ്‍വാര, ബാരാമുള്ള ഭാഗങ്ങളിൽ വെടിവയ്പ്പുണ്ടായി.
അതേ സമയം, അതിർത്തിയിൽ രാജസ്ഥാനിലെ ബാർമറിലെ ലോംഗേവാല സെക്ടറിലുട നീളം പാക് സൈന്യം റഡാർ ഉപകരണങ്ങളും വ്യോമ പ്രതിരോധ ആയുധ സംവിധാനങ്ങളും സ്ഥാപിച്ചു. പാക് സൈന്യത്തിന്റെ സ്ട്രൈക്ക് കോർപ്സ് ഘടകങ്ങളും അതത് മേഖലകളിൽ പരിശീലനം നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |