തിരുവനന്തപുരം: സമയം 11.32. റിമോട്ട് കൺട്രോളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരൽ അമർന്നു. പുരുഷാരത്തിനു മുന്നിലെ സ്ക്രീനിൽ തിരശീല നീങ്ങി ഫലകം തെളിഞ്ഞതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന്റെ സമുദ്ര ചക്രവർത്തിനിയായി.
സംസ്ഥാന സർക്കാരുമായി സഹകരിച്ചു കേരളത്തെ ഗ്ലോബൽ മാരിടൈം ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കുമെന്ന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് മോദി പ്രഖ്യാപിച്ചു. തുറമുഖത്ത് സജ്ജീകരിച്ച വേദിയിൽ മലയാളത്തിൽ മോദി ആഹ്വാനം നടത്തി, ''നമുക്ക് ഒരുമിച്ച് വികസിത കേരളം പടുത്തുയർത്താം. ജയ് കേരളം, ജയ് ഭാരത്''.
കേരളം ആഗോള സമുദ്ര മേഖലയുടെ കേന്ദ്രമായി മാറണം. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. ഇതിനായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കും. കേരളത്തിലെ ജനങ്ങളുടെ കഴിവുകൾ രാജ്യത്തിന്റെ സമുദ്ര മേഖലയെ മുന്നോട്ട് നയിക്കും.
ട്രാൻസ്ഷിപ്പ് ഹബിന്റെ ശേഷി മൂന്നിരട്ടിയായി വർദ്ധിപ്പിക്കുന്നതോടെ ലോകത്തിലെ വലിയ വലിയ ചരക്കുകപ്പലുകൾക്ക് വളരെ വേഗം വിഴിഞ്ഞത്ത് എത്താൻ കഴിയും. അത് നാടിനെ സാമ്പത്തിക സുസ്ഥിരതയിലേക്ക് നയിക്കും. ജി-20 ഉച്ചകോടിയിൽ ഇന്ത്യ- മിഡിൽ ഈസ്റ്റ്- യൂറോപ്പ് ഇടനാഴി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അത് കേരളത്തിന്റെ വികസന സാദ്ധ്യത വർദ്ധിപ്പിക്കും.
30 വർഷമായി ഗുജറാത്തിൽ അദാനിയുടെ തുറമുഖം പ്രവർത്തിക്കുന്നു. എന്നാൽ, ഇത്രയും വലിയ തുറമുഖം നിർമ്മിച്ചത് കേരളത്തിലെ വിഴിഞ്ഞത്താണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായി. മന്ത്രി വി.എൻ.വാസവൻ സ്വാഗതം ആശംസിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രിമാരായ ജി.ആർ.അനിൽ, സജി ചെറിയാൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, എം.പിമാരായ ശശി തരൂർ, അടൂർ പ്രകാശ്, ജോൺ ബ്രിട്ടാസ്, എ.എ.റഹിം, എം.വിൻസെന്റ് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു.
നമ്മൾ ഇതും
നേടി: മുഖ്യമന്ത്രി
'അങ്ങനെ നമ്മൾ ഇതും നേടി…' മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷ പ്രസംഗം തുടങ്ങിയത് ഇങ്ങനെയായിരുന്നു. തടസപ്പെടുത്തുന്നതിന് സ്ഥാപിത താത്പര്യക്കാർ പടർത്താൻ ശ്രമിച്ച തെറ്റിദ്ധാരണകളെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചു. നിയമക്കുരുക്കുകളടക്കം നീക്കി. തീരദേശ പുനരധിവാസ ജീവനോപാധി പ്രശ്നങ്ങൾ 120 കോടി ചെലവാക്കി പരിഹരിച്ചു. ഇങ്ങനെ പ്രശ്നങ്ങൾ പരിഹരിച്ച് സങ്കടങ്ങൾക്ക് അറുതിയുണ്ടാക്കിയാണ് സംസ്ഥാന സർക്കാർ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സ്വപ്നസാഫല്യവും അഭിമാന മുഹൂർത്തവുമായ വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കുന്നത് മൂന്നാം മിലീനിയത്തിലെ വികസന സാദ്ധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്. ഇന്ത്യയെ സാർവദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്സ് ഭൂപട ശൃംഖലയിൽ കണ്ണിചേർക്കുന്ന മഹാസംരംഭമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |