തിരുവനന്തപുരം: ഉറവിടമില്ലാത്ത ഇ-മെയിൽ സന്ദേശങ്ങളിലൂടെ വ്യാജ ബോംബ് ഭീഷണിയുമായി പൊലീസിനെ വെള്ളംകുടിപ്പിച്ച് ഇന്റർനെറ്റിലെ അധോലോകം. ഒരുമാസത്തിനിടെ സെക്രട്ടേറിയറ്റിനും രാജ്ഭവനും ക്ലിഫ്ഹൗസിനും വിമാനത്താവളങ്ങൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും കോടതികൾക്കും പഞ്ചനക്ഷത്ര ഹോട്ടലുകൾക്കുമടക്കം 70 ഓളം ബോംബ്ഭീഷണിയുണ്ടായി.
എല്ലാം വ്യാജമായിരുന്നെങ്കിലും ഭീഷണിയുണ്ടായാൽ ബോംബ്-ഡോഗ് സ്ക്വാഡുകളുടെ തെരച്ചിലടക്കം കേന്ദ്ര പ്രോട്ടോക്കോൾ പാലിച്ചുള്ള പരിശോധന നിർബന്ധമാണ്. ഒരിടത്ത് രണ്ടുമണിക്കൂറെങ്കിലും പരിശോധിച്ചാലേ വ്യാജഭീഷണിയാണെന്ന് ഉറപ്പിക്കാനാവൂ. ഇതുകാരണം പൊലീസിന്റെ സമയവും സന്നാഹങ്ങളും പാഴാവുകയാണ്.
തിരുവനന്തപുരത്തും എറണാകുളത്തുമായി 20കേസുകളെടുത്ത് മൈക്രോസോഫ്റ്റിനോട് ഭീഷണിയുടെ ഉറവിടം തേടിയെങ്കിലും ലഭിച്ചിട്ടില്ല. സന്ദേശയമയ്ക്കുന്ന കമ്പ്യൂട്ടറിന്റെയോ ഫോണിന്റെയോ ഐ.പി വിലാസം മറച്ചുവയ്ക്കാനാവുന്ന വി.പി.എൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്) ഉപയോഗിക്കുന്നതിനാൽ വിവരങ്ങൾ ലഭ്യമല്ലെന്നാണ് മറുപടി.
ഉപയോഗിക്കുന്നയാളിന്റെ സ്ഥലവും സ്വകാര്യവിവരങ്ങളും മറയ്ക്കുന്ന ടോർ ഇന്റർനെറ്റാണ് ഉപയോഗിക്കുന്നതെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
തമിഴ്നാട്,തെലങ്കാന,ആന്ധ്ര സംസ്ഥാനങ്ങളുമായി ചേർന്ന് ആവശ്യപ്പെട്ടിട്ടും ഫലമില്ലാതായതോടെ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടാനാണ് പൊലീസിന്റെ ശ്രമം. തമിഴ്നാട്ടിൽ ഒന്നരമാസത്തിനിടെ 200കേസുകളാണെടുത്തത്.
പിടിക്കാനുള്ള തടസമിതാണ്
ടോർ ഇന്റർനെറ്റോ വി.പി.എന്നോ വഴി സന്ദേശമയയ്ക്കുമ്പോൾ നിരവധി തവണ എൻക്രിപ്ഷൻ നടത്തിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഓരോഘട്ടത്തിലും എൻക്രിപ്ഷന്റെ പാളി മായ്ച്ചുകളയുന്നതിനാൽ ഉറവിട ഐ.പി വിലാസം കണ്ടെത്താനാവില്ല.
സ്വകാര്യവിവരങ്ങൾ പങ്കുവയ്ക്കാതെ ഇന്റർനെറ്റുപയോഗിക്കാവുന്ന വി.പി.എൻ സൗകര്യം നൽകുന്ന നൂറുകണക്കിന് കമ്പനികളുണ്ട്. ഇതുപയോഗിക്കുമ്പോൾ ഉപഭോക്താവിന്റെ സ്ഥലം,ഐ.പി.വിലാസം എന്നിങ്ങനെ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിനാവില്ല.
മൈക്രോസോഫ്റ്റിന്റെ ഔട്ട്ലുക്ക് വഴിയാണ് ഇ-മെയിലെത്തിയത്. വി.പി.എൻ ഉപയോഗിച്ചതിനാൽ അമേരിക്കയടക്കം നിരവധി രാജ്യങ്ങളാണ് ഉപയോഗസ്ഥലമായി കാട്ടുന്നത്. അത് യഥാർത്ഥവിവരമല്ല. മൈക്രോസോഫ്റ്റിന് കൃത്യമായ വിവരം നൽകാനാവുമെങ്കിലും സഹകരിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |