തിരുവനന്തപുരം: 'ഏവർക്കും എന്റെ നമസ്‌കാരം. ഒരിക്കൽ കൂടി ശ്രീഅനന്തപത്മനാഭന്റെ മണ്ണിലേക്ക് വരാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.'....ഇങ്ങനെ മലയാളത്തിൽ തുടങ്ങിയ പ്രസംഗം പ്രധാനമന്ത്രി ഉപസംഹരിച്ചതും മലയാളത്തിൽ ''നമുക്ക് ഒരുമിച്ച് വികസിത കേരളം പടുത്തുയർത്താം. ജയ് കേരളം ജയ് ഭാരത്''.
ഭഗവാൻ ആദി ശങ്കരാചാര്യരുടെ ജന്മവാർഷിക ദിനമാണ് ഇന്ന്.സെപ്തംബറിൽ ആദി ശങ്കരാചാര്യരുടെ ജന്മസ്ഥലം സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചു. തന്റെ മണ്ഡലമായ കാശിയിലെ വിശ്വനാഥ് ധാം സമുച്ചയത്തിൽ ആദി ശങ്കരാചാര്യരുടെ വലിയ പ്രതിമ സ്ഥാപിച്ചു. ഉത്തരാഖണ്ഡിലെ പവിത്രമായ കേദാർനാഥ് ധാമിൽ ആദിശങ്കരാചാര്യരുടെ ദിവ്യപ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യവും ലഭിച്ചു. ഏകീകൃതവും ആത്മീയമായി പ്രബുദ്ധവുമായ ഇന്ത്യക്ക് അടിത്തറ പാകിയത് അദ്ദേഹത്തിന്റെ ശ്രമങ്ങളാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
കേരളം എപ്പോഴും ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും നാടാണെന്ന് പറഞ്ഞ മോദി, നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായ സെന്റ് തോമസ് പള്ളി ഇവിടെ സ്ഥാപിതമായത് ചൂണ്ടിക്കാട്ടി. ദിവസങ്ങൾക്ക് മുമ്പ് ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായപ്പോൾ, ലോകമെമ്പാടുമുള്ളവർ വേദനയിലായി. സംസ്‌കാര ചടങ്ങിൽ രാഷ്ട്രത്തിനുവേണ്ടി രാഷ്ട്രപതി ദ്രൗപദി മുർമു ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കേരളത്തിലുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മോദി പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ സംഭാവനകൾ ലോകം എപ്പോഴും ഓർക്കും. അദ്ദേഹത്തെ കാണാൻ നിരവധി അവസരങ്ങൾ ലഭിച്ചു. സ്നേഹം, മാനവികത, സേവനം, സമാധാനം എന്നിവയെ കുറിച്ച് കേട്ടു. അത് തന്നെ തുടർന്നും പ്രചോദിപ്പിക്കുമെന്നും മോദി പറഞ്ഞു.
പഹൽഗാം സംഭവത്തെ കുറിച്ച് സംസാരിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മേയർ ആര്യ രാജേന്ദ്രനാണ് ബൊക്ക നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അദ്ധ്യക്ഷ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പഹൽഗാമിൽ കൊല്ലപ്പെട്ടവർക്കായി ആദരാഞ്ജലി അർപ്പിച്ചു.
തുറമുഖങ്ങളുടെ ശേഷി ഇരട്ടിയാക്കി
10 വർഷത്തിനിടെ ഇന്ത്യയിൽ തുറമുഖങ്ങളുടെ ശേഷി ഇരട്ടിയാക്കുകയും ദേശീയ ജലപാതകൾ എട്ടുമടങ്ങു വികസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ലോകത്തിലെ ഏറ്റവും മികച്ച 30 തുറമുഖങ്ങളിൽ രണ്ട് ഇന്ത്യൻ തുറമുഖങ്ങൾ ഉൾപ്പെടുന്നു. ലോജിസ്റ്റിക്സ് പ്രകടനസൂചികയിൽ ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെട്ടിട്ടുണ്ട്.
2014ൽ ഇന്ത്യൻ സമുദ്രസഞ്ചാരികളുടെ എണ്ണം 1.25 ലക്ഷത്തിൽ താഴെയായിരുന്നു. ഇന്ന്, 3.25 ലക്ഷത്തിലധികം ഉയർന്നു. ഈ എണ്ണത്തിൽ ആഗോളതലത്തിൽ മികച്ച മൂന്നു രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോൾ സ്ഥാനം പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |