വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ തുടർ ഘട്ടങ്ങൾ ഓണത്തിന് ആരംഭിക്കും. കാലവർഷവും കടൽക്ഷോഭവും കാരണമാണ് ഉദ്ഘാടനം നീണ്ടുപോകുന്നത്. നിലവിൽ നിർമ്മാണമെല്ലാം നിറുത്തിവച്ചിരിക്കുകയാണ്.
പാരിസ്ഥിതികാനുമതി ലഭിച്ചതിനെ തുടർന്നാണ് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനിടെയാണ് കാലാവസ്ഥ മോശമായതെന്ന് അധികൃതർ പറഞ്ഞു. പുലിമുട്ട് നിർമ്മാണം ഉൾപ്പെടെയുള്ളവയ്ക്കായി ഉപകരാറുകൾ ക്ഷണിക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്.വിവിധ കേന്ദ്രങ്ങളിൽ സംഭരിച്ചുവച്ചിരുന്ന കരിങ്കല്ലുകൾ തുറമുഖ നിർമ്മാണസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. അടുത്തഘട്ടം തുടങ്ങുന്നതോടെ കല്ലുകൾ കടലിലൂടെ ബാർജ് മുഖാന്തരവും, കരയിലൂടെ വാഹനത്തിലുമെത്തിച്ച് പുലിമുട്ടിന്റെ നീളം കൂട്ടുന്ന പദ്ധതികൾ ആരംഭിക്കും. തുടർന്നാകും ബർത്ത് നിർമ്മാണം.
തുറമുഖ നിർമ്മാണത്തിന്റെ 3 ഘട്ടങ്ങളും 2028 ഡിസംബറിൽ പൂർത്തീകരിക്കും
ടെർമിനൽ 1200 മീറ്റർ നീളത്തിലേക്ക് വിപുലീകരിക്കും
ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റർ കൂടി വർദ്ധിപ്പിക്കും
കണ്ടെയ്നർ സംഭരണ യാർഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം
1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്തുകൾ
250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ, ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, 77.17 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമിയേറ്റെടുക്കൽ, ഡ്രഡ്‌ജിംഗ് എന്നിവ ഉൾപ്പെടുന്നു.
തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10000 കോടി അദാനിയാണ് മുടക്കുന്നത്.
ഓണത്തിന് കരയിലൂടെയും
വിഴിഞ്ഞം തുറമുഖത്തു നിന്ന് കരമാർഗമുള്ള താത്കാലിക ചരക്കുനീക്കത്തിന് ഓണത്തിന് തുടക്കമാകും. ഇതിനായി തുറമുഖത്ത് നിന്നുള്ള റോഡ് ബൈപ്പാസിൽ ബന്ധിപ്പിക്കുന്നതിനുള്ള നിർമ്മാണ പ്രവൃത്തികൾ നടക്കുകയാണ്. ഏതാനും മാസങ്ങൾക്കകം പൂർത്തിയാക്കും. രണ്ടാംഘട്ട നിർമ്മാണോദ്ഘാടനത്തോടൊപ്പം കരമാർഗമുള്ള ചരക്കുനീക്കത്തിന്റെ ഉദ്ഘാടനവും നടക്കുമെന്നാണ് സൂചന.
തിരക്കേറി തുറമുഖം
തുറമുഖത്ത് ഇതുവരെ എത്തിയത് 365 കപ്പലുകളാണ്. ഇതുവരെ 7.8 ലക്ഷം കണ്ടെയ്നറുകളാണ് ഇവിടെ കൈകാര്യം ചെയ്തത്.
റെയിൽവേ ടെൻഡറും
ഐ.സി പി അനുമതിയും ഉടൻ
വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് അനുമതിക്കുള്ള ഇമിഗ്രേഷൻ ചെക്ക്പോസ്റ്റ് (ഐ.സി.പി) അനുമതി ലഭിക്കുന്നതു സംബന്ധിച്ച് രണ്ട് മാസത്തിനകം അന്തിമ തീരുമാനം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അനുമതി ലഭിക്കുന്നതോടെ ഇവിടെ ചരക്കുനീക്കത്തിനല്ലാതെ ക്രൂ ചെയ്ഞ്ചിനായി മാത്രം കപ്പലുകളടുക്കും. കൂടാതെ റെയിൽപ്പാതയുടെ നിർമ്മാണത്തിന് ടെൻഡർ ക്ഷണിക്കുന്നതിനുള്ള ഡോക്കുമെന്റുകൾ വിഴിഞ്ഞം ഇന്റർനാഷണൽ തുറമുഖ നിർമ്മാണ കമ്പനിക്ക് (വിസിൽ) കൊങ്കൺ റെയിൽ കോർപ്പറേഷൻ കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |