ന്യൂഡൽഹി: ചരിത്ര പുസ്തകങ്ങളിൽ മുഗൾ സാമ്രാജ്യത്തിന് അമിത പ്രാധാന്യം നൽകിയതായി നടൻ മാധവൻ. എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതിയിലെ ചരിത്ര പ്രാതിനിധ്യത്തെ കുറിച്ചുള്ള സംവാദത്തിൽ പ്രതികരിക്കുകയായിരുന്നു നടൻ. ചെറുപ്പത്തിൽ സ്കൂളിൽ ചരിത്രം പഠിച്ചപ്പോൾ, മുഗളന്മാരെക്കുറിച്ച് എട്ട് അദ്ധ്യായങ്ങളും ഹാരപ്പ, മോഹൻജോദാരോ നാഗരികതകളെക്കുറിച്ച് രണ്ട് അദ്ധ്യായങ്ങളും ബ്രിട്ടീഷ് ഭരണത്തെയും സ്വാതന്ത്ര്യ സമരത്തെയും കുറിച്ച് നാല് അദ്ധ്യായങ്ങളും ദക്ഷിണേന്ത്യയിലെ ചോളർ, പാണ്ഡ്യർ, പല്ലവർ, ചേരർ എന്നിവരെക്കുറിച്ച് ഒരു അദ്ധ്യായവുമാണ് ഉണ്ടായിരുന്നതെന്നും മാധവൻ പറഞ്ഞു.
ബ്രിട്ടീഷുകാരും മുഗളന്മാരും ഏകദേശം 800 വർഷത്തോളം ഭരിച്ചു, എന്നാൽ ചോള സാമ്രാജ്യത്തിന് 2,400 വർഷം പഴക്കമുണ്ട്. അവർ സമുദ്രയാത്രയുടെയും നാവിക ശക്തിയുടെയും തുടക്കക്കാരായിരുന്നു. റോം വരെ നീളുന്ന സുഗന്ധവ്യഞ്ജന പാതകൾ അവർക്കുണ്ടായിരുന്നു. നമ്മുടെ ചരിത്രത്തിലെ ആ ഭാഗം എവിടെ? നമ്മുടെ ശക്തമായ നാവികസേന ഉപയോഗിച്ച് അങ്കോർ വാട്ട് വരെ ക്ഷേത്രങ്ങൾ നിർമ്മിച്ചതിനെക്കുറിച്ച് എവിടെയാണ് പരാമർശം? ജൈനമതവും ബുദ്ധമതവും ഹിന്ദുമതവും ചൈനയിലേക്ക് വ്യാപിച്ചു. കൊറിയയിലെ ആളുകൾ പകുതി തമിഴ് സംസാരിക്കുന്നു, കാരണം അത്രത്തോളം നമ്മുടെ ഭാഷ എത്തിച്ചേർന്നു. ഇതെല്ലാം നമ്മൾ ഒരു അദ്ധ്യായത്തിൽ മാത്രം ഒതുക്കി," അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷുകാർ ചരിത്രത്തെ എങ്ങനെ പുനരാവിഷ്കരിച്ചു എന്നതിലുള്ള നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു. "ജനറൽ ഡയറും അദ്ദേഹത്തിന്റെ പേരക്കുട്ടിയും പറഞ്ഞത് നമ്മൾ വെടിവച്ച് കൊല്ലപ്പെടേണ്ട തീവ്രവാദികളും കൊള്ളക്കാരുമായിരുന്നു എന്നാണ്. വെടിയുണ്ടകൾ തീർന്നതുകൊണ്ടാണ് അദ്ദേഹം വെടിവെപ്പ് നിറുത്തിയത്. തെറ്റായ ഒരു ആഖ്യാനം സൃഷ്ടിക്കാൻ തക്കവണ്ണം നിങ്ങൾക്ക് എങ്ങനെ ചരിത്രത്തെ വെള്ളപൂശാൻ കഴിയുമെന്ന് മാധവൻ ചോദിച്ചു. ഇതൊരു വസ്തുതയാണെന്നും മാധവൻ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |