ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയ്ക്ക് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) സൂചന ലഭിച്ചു.
ലഷ്‌കറിന് കാശ്‌മീരിൽ സഹായം നൽകുന്നവരെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഈ ഭീകരർ പാകിസ്ഥാനിലെ ഐ.എസ്.ഐ നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്ന വിവരം ലഭിച്ചത്.
ഐ.എസ്.ഐ നിർദ്ദേശ പ്രകാരം പാകിസ്ഥാനിലെ ലഷ്‌കറിന്റെ ആസ്ഥാനത്ത് ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയതെന്നാണ് എൻ.ഐ.എ അനുമാനം. ആക്രമണത്തിന് നേതൃത്വം നൽകിയ ഹാഷിം മൂസ (സുലൈമാൻ), അലി ഭായ് എന്നിവർ പാകിസ്ഥാൻ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു.
ഏപ്രിൽ 15 ഓടെ എത്തിയ ഭീകരർ പഹൽഗാമിനു പുറമേ, അരു താഴ്‌വര, ബേതാബ് താഴ്‌വര, അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങിയ കേന്ദ്രങ്ങളിലും നിരീക്ഷണം നടത്തി. സുരക്ഷാ സംവിധാനം കുറഞ്ഞ സ്ഥലം എന്ന് വിലയിരുത്തിയാണ് ബൈസരൻ തിരഞ്ഞെടുത്തത്. പ്രദേശവാസികളുടെ സഹായത്തോടെ രണ്ടു ദിവസം ബൈസരനിൽ വിനോദസഞ്ചാരികളെ നിരീക്ഷിച്ചു.
2800 പേരെ ചോദ്യം ചെയ്തു
എൻ.ഐ.എയും സുരക്ഷാ ഏജൻസികളും ഇതുവരെ 2,800 ൽ അധികം വ്യക്തികളെ ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനായി പ്രാദേശിക സഹായികൾ, ജമാഅത്തെ പോലുള്ള നിരോധിത സംഘടന പ്രവർത്തകർ അടക്കം 150-ലധികം പേർ കസ്റ്റഡിയിലുണ്ട്.
കുപ്‌വാര, പുൽവാമ, സോപോർ, അനന്ത്നാഗ്, ബാരാമുള്ള തുടങ്ങി നിരവധി ജില്ലകളിൽ റെയ്ഡുകൾ നടക്കുന്നു. പാകിസ്ഥാനിൽ കഴിയുന്ന 1999-ലെ ഐസി-814 വിമാനറാഞ്ചൽ കേസിലെ പ്രധാന പ്രതി മുഷ്താഖ് അഹമ്മദ് സർഗറിന്റെ വസതിയിൽ റെയ്ഡ് നടത്തി.
സംഭവം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത 40 ലധികം വെടിയുണ്ടകൾ ബാലിസ്റ്റിക്, രാസ വിശകലനത്തിനായി അയച്ചിട്ടുണ്ട്. ആക്രമണ സ്ഥലത്തിന്റെ ത്രീ ഡി മാപ്പിംഗും നടത്തി. മൊബൈൽ ടവറുകളിൽ നിന്നുള്ള വിവരങ്ങളും ശേഖരിക്കുന്നു.
ആക്രമണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ബൈസരനിലും പരിസരത്തും സജീവമായിരുന്ന മൂന്ന് സാറ്റലൈറ്റ് ഫോണുകളിൽ രണ്ടെണ്ണത്തിൽ നിന്നുള്ള സിഗ്നലുകൾ കണ്ടെത്തി വിശകലനം ചെയ്തിട്ടുണ്ട്. പഹൽഗാമിന് ചുറ്റുമുള്ള പ്രധാന കേന്ദ്രങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും സമീപ പ്രദേശങ്ങളിലെ സുരക്ഷാ ചെക്ക്‌പോസ്റ്റുകളിൽ നിന്നുള്ള ഡേറ്റയും അവലോകനം ചെയ്യുന്നു.
ആക്രമണത്തിന്റെ സമയരേഖ തയ്യാറാക്കുന്നതിന് ഇരകളുടെ കുടുംബങ്ങൾ, കുതിര സവാരിക്കാർ, ഭക്ഷണ വിൽപ്പനക്കാർ എന്നിവരുൾപ്പെടെ ഡസൻ കണക്കിന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ ശരീരത്തിൽ ഘടിപ്പിച്ച ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നു. ഇവരിൽ പലരും നിരീക്ഷണത്തിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |