ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങളുടെ തുടർച്ചയായി വീണ്ടും ഇന്ത്യൻ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി പാക് ഹാക്കർമാർ. ഹാക്കിംഗ് ശ്രമങ്ങളെ ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസികൾ നിമിഷ നേരത്തിൽ കണ്ടെത്തി നിർവീര്യമാക്കി. സൈബർ ഗ്രൂപ്പ് എച്ച്.ഒ.എ.എക്‌സ് 1337, നാഷണൽ സൈബർ ക്രൂ എന്നിവയുൾപ്പെടെയുള്ള ഹാക്കർ ഗ്രൂപ്പുകൾ ജമ്മു കാശ്മീരിലെ ആർമി പബ്ലിക് സ്കൂളുകളുടെ വെബ്സൈറ്റുകളെയാണ് ലക്ഷ്യമിട്ടത്. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളെ പരിഹസിക്കുന്ന സന്ദേശങ്ങൾ ഉപയോഗിച്ച് വെബ്സൈറ്റുകൾ വികൃതമാക്കാനായിരുന്നു ശ്രമം.
വിമുക്ത ഭടന്മാർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്ന ഒരു വെബ്സൈറ്റിലും കടന്നു കൂടാനും ശ്രമിച്ചു. ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ്, ഇന്ത്യൻ എയർഫോഴ്സ് വെറ്ററൻസ് എന്നിവയുടെ വെബ്സൈറ്റുകളും ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. സൈന്യവുമായി ബന്ധപ്പെട്ട ഡൊമെയ്‌നുകൾക്ക് പുറമേ കുട്ടികൾ,പ്രായമായ വിമുക്ത ഭടന്മാർ,സാധാരണക്കാർ എന്നിവരുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറാൻ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാക്കർമാർ നിരന്തരം ശ്രമിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
10 ലക്ഷത്തിലധികം
സൈബർ ആക്രമണം
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് നടന്നത് 10 ലക്ഷത്തിലേറെ സൈബർ ആക്രമണങ്ങളെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ അടക്കമുള്ള പല രാജ്യങ്ങളിൽ നിന്നാണ് സൈബർ ആക്രമണങ്ങളുണ്ടായതെന്ന് മഹാരാഷ്ട്ര പൊലീസിലെ സൈബർ ക്രൈം വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. മിഡിൽ ഈസ്റ്റ്, ഇന്തോനേഷ്യ, മൊറോക്കോ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ ഇസ്ലാമിക ഗ്രൂപ്പുകളിൽ നിന്നാണ് ഹാക്കിംഗ് ശ്രമങ്ങളിൽ ഏറിയ പങ്കും വന്നിട്ടുള്ളത്.
സർക്കാർ ഓഫീസുകൾക്കും വകുപ്പുകൾക്കും സൈബർ ആക്രമണം സംബന്ധിച്ച മുന്നറിയിപ്പും നൽകിയതായി മുംബയ് പൊലീസ് പറഞ്ഞു. ഈ സൈബർ ആക്രമണങ്ങൾ ഡിജിറ്റൽ രംഗത്ത് സംഘർഷം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ പ്രചാരണത്തിന്റെ ഭാഗമാണെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. പാകിസ്ഥാന്റെ ഹൈബ്രിഡ് യുദ്ധ തന്ത്രത്തിന്റെ ഭാഗമായാണ് ഇവ വിലയിരുത്തപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |