മലപ്പുറം: ചക്ക തലയിൽ വീണ് ഒമ്പതുവയസുകാരി മരിച്ചു. മലപ്പുറം ചങ്കുവെട്ടിയിലാണ് ദാരുണ സംഭവം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലിവിയുടെ മകൾ ആയിഷ തസ്നിയാണ് മരിച്ചത്.
ഇന്നുരാവിലെയായിരുന്നു സംഭവം. മറ്റുകുട്ടികൾക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിൽക്കെ തൊട്ടടുത്തുണ്ടായിരുന്ന പ്ലാവിൽ നിന്ന് വീണ ചക്ക ആയിഷയുടെ തലയിൽ പതിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ തല തൊട്ടടുത്തുണ്ടായിരുന്ന കല്ലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്തിടെ, കാസർകോട് അമ്മ ചക്കമുറിക്കുന്നതിനിടെ എത്തിയ എട്ടുവയസുകാരൻ കത്തിക്ക് മുകളിൽ വീണ് മരിച്ചിരുന്നു. കാസർകോട് നെക്രാജെ പിലാങ്കട്ട ബെള്ളൂറടുക്ക സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസാണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി കാൽ തെന്നി കത്തിക്കു മുകളിലേക്ക് വീഴുകയായിരുന്നു.ഇന്നലെ വൈകീട്ടാണ് അതിദാരുണ സംഭവം നടക്കുന്നത്.
പലകയിൽ ഘടിപ്പിക്കുന്ന പ്രത്യേകതരം കത്തി ഉപയോഗിച്ചാണ് കാസർകോട് ഭാഗത്ത് ചക്ക മുറിക്കാറുള്ളത്. ഈ കത്തിയിലേക്കാണ് കുട്ടി വീണത്. വീഴ്‌ചയിൽ കുട്ടിയുടെ നെഞ്ചിന്റെ ഇടതു ഭാഗത്തായി ആഴത്തിലുള്ള മുറിവേറ്റു.
ഉടൻതന്നെ കുട്ടിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.മരിച്ച ഹുസൈന് ഒരു ഇരട്ടസഹോദരനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |