ബേക്കൽ( കാസർകോട്) : ചിത്രകലയിൽ വാഗ്ദാനമായി വളർന്നുവരുന്നതിനിടയിൽ വിട പറഞ്ഞ പ്രിയപ്പെട്ട മകന്റെ പിറന്നാൾ ദിനത്തിൽ സമ്മാനമായി ചിത്രമതിൽ ഒരുക്കി ദമ്പതികൾ. യുവചിത്രകാരൻ അർജുൻ.കെ.ദാസിന്റെ ഓർമ്മക്കായാണ് അച്ഛൻ മോഹൻ ദാസിന്റെയും അമ്മ കരുണയുടെയും നേതൃത്വത്തിൽ ഇക്കുറി ചിത്രമതിൽ ഒരുക്കിയത് ബേക്കൽ ബീച്ചിലെ ചുവരുകളിലാണ് .
അഹമ്മദാബാദ് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഡിസൈൻ വിദ്യാർത്ഥികളും അർജ്ജുന്റെ സുഹൃത്തുക്കളുമായ പത്തോളം ചിത്രകാരൻമാരാണ് വർണ്ണ മതിൽ സാക്ഷാത്ക്കരിച്ചത്. ടൂറിസം മേഖലക്ക് മുതൽക്കൂട്ടാകുന്ന ചിത്രങ്ങൾക്ക് ബി.ആർ.ഡി.സിയും പിന്തുണ നൽകി. നാല് ദിവസമെടുത്താണ് ഈ ചിത്രങ്ങൾ പൂർത്തിയാക്കിയത്.
2015ന് ജൂൺ 20 നാണ് സിക്കിമിലെ ഗാംഗ്‌ടോക്കിൽ വച്ച് അർജ്ജുൻ മരണപ്പെടുന്നത്. അതിനുശേഷം എല്ലാ വർഷവും ജന്മദിനമായ മേയ് 2 ന് എല്ലാവരും ഒത്തുകൂടും.അർജ്ജുൻ അതുവരെ വരച്ചുതീർത്ത ചിത്രങ്ങളുടെ പ്രദർശനമായിരുന്നു ആദ്യ വർഷങ്ങളിൽ നടന്നത്. കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, ഗാംഗ്‌ടോക്ക് എന്നിവിടങ്ങളിൽ അർജ്ജുന്റെ ചിത്രങ്ങളുമായി ഇവരെത്തി. അർജ്ജുൻ ദാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചിത്രകാരൻമാരുടെ സംഗമവും കുട്ടികൾക്കുള്ള മത്സരങ്ങളുമെല്ലാം സംഘടിപ്പിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി വിവിധ കേന്ദ്രങ്ങളിൽ ചിത്രമതിൽ ഒരുക്കിവരികയാണ് ഇവർ.
കോഴിക്കോട് സരോവരം പാർക്കിലും കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തും പോയ വർഷങ്ങളിൽ ചിത്രമതിൽ ഒരുക്കിയിരുന്നു. ബേക്കൽ ബീച്ച് പാർക്കിലെ ചിത്രമതിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. അശ്വമേധം ഫെയിം ഗ്രാന്റ് മാസ്റ്റർ ഡോ.ജി.എസ് പ്രദീപ് മുഖ്യാതിഥിയായിരുന്നു.ലളിതകലാ അക്കാഡമി സെക്രട്ടറി എബി.എൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, ബി.ആർ.ഡി.സി എം.ഡി. പി.ഷിജിൻ ,അനസ് മുസ്തഫ, ബാലൻ പടിയൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |