മുംബയ്: നിർമ്മിതബുദ്ധിയുടെ (എ.ഐ) സാദ്ധ്യതകൾ അനന്തമാണെങ്കിലും അതിലെ പക്ഷപാതം കുറയ്ക്കുകയും ഉള്ളടക്കത്തെ ജനാധിപത്യവത്കരിക്കുകയും ധാർമ്മികമാക്കുകയും വേണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. സാങ്കേതികവിദ്യകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം. മുംബയിൽ 'വേവ്സ് ' വിനോദ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമ്മിതബുദ്ധിയുടെ യുഗത്തിൽ സർഗ്ഗാത്മകതയ്ക്ക് പ്രോത്സാഹനം നൽകും. നൈപുണ്യ വികസനം ഉറപ്പാക്കും. സംസ്കാരങ്ങൾ വിഷയമാക്കുന്ന സിനിമകൾക്ക് ലോകമെങ്ങും ജനസമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനാവും. ഇന്ത്യയുടെ പാരമ്പര്യം, ആചാരങ്ങൾ, ആശയങ്ങൾ, സർഗ്ഗാത്മകത എന്നിവയ്ക്ക് പ്രാധാന്യം നൽകും. യുവതലമുറയ്ക്ക് നമ്മുടെ പൈതൃകത്തെക്കുറിച്ച് അവബോധം നൽകാൻ സാങ്കേതികവിദ്യയും പാരമ്പര്യവും കൈകോർക്കണം. പുതുയുഗത്തിനായി യുവപ്രതിഭകളെ സജ്ജമാക്കണം. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ നൂതനാശയങ്ങൾ സുപ്രധാന പങ്കുവഹിക്കുമെന്നും ജയശങ്കർ പറഞ്ഞു.
അതിർത്തികൾ മറികടന്ന് ജനങ്ങള ബന്ധിപ്പിക്കുന്നതാണ് സർഗ്ഗാത്മകതയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഉള്ളടക്ക സൃഷ്ടിയും ഉപഭോഗവും സാങ്കേതികവിദ്യയ്ക്ക് അനുസരിച്ച് മാറുകയാണ്. ഡിജിറ്റൽ വിഭജനം കുറയ്ക്കാനും ആഗോള ഐക്യത്തിനും ഇത് അനിവാര്യമാണ്. സർഗ്ഗാത്മകതയുടെ ആഗോള ബന്ധങ്ങളെ ആശയങ്ങളുടെ അതിവേഗ പാതയാക്കാമെന്നും അദ്ദേഹം പറഞ്ഞു.
വിനോദ, മാദ്ധ്യമ മേഖലയിൽ 250കോടിയുടെ ധാരണാപത്രം ഒപ്പിട്ടു. 22 രാജ്യങ്ങളിലെ കമ്പനികളുമായാണ് കരാർ. സിനിമ, സംഗീതം, ആനിമേഷൻ, റേഡിയോ, വി.എഫ്.എക്സ് മേഖലകളിലാണ് കരാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |