കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബാച്ച്ലർ ഒഫ് ഡിസൈൻ (ബി. ഡെസ്) കോഴ്സ് പ്രവേശനത്തിന് നടത്തുന്ന കേരള സ്റ്റേറ്റ് ഡിസൈൻ ആൻഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KS-DAT ) പ്രവേശന പരീക്ഷയ്ക്ക് മേയ് 22 വരെ അപേക്ഷിക്കാം. 2025-26 അദ്ധ്യയന വർഷ പ്രവേശന പരീക്ഷയായ KS-DAT നടത്തുന്നത് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്നോളജിയാണ്.എട്ട് സെമസ്റ്ററുകളായി നാലു വർഷ പ്രോഗ്രാമാണിത്. ഡിസൈൻ സ്റ്റഡീസ്,അപ്ലൈഡ് സയൻസസ്,എൻവയൺമെന്റൽ സ്റ്റഡീസ്,പ്രൊഫഷണൽ പ്രാക്ടീസ്,ഇന്റേൺഷിപ്,ഡിജിറ്റൽ ലാബ്,കാർപെന്ററി,ടെക്സ്റ്റൈൽസ്,വുഡ്,മെറ്റൽ & സെറാമിക് വർക്ക്ഷോപ് എന്നിവ ഉൾപ്പെടുന്നതാണ് കോഴ്സ് കരിക്കുലം.45% മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് 40% മാർക്ക് മതി.കോളേജുകളിൽ സർക്കാർ സീറ്റും മാനേജ്മെന്റ് സീറ്റുകളുമുണ്ടാകും. സർക്കാർ സീറ്റിലേക്കുള്ള പ്രവേശനം KS-DAT പരീക്ഷാ റാങ്ക് ലിസ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ്. മാനേജ്മെന്റ് സീറ്റ് പ്രവേശനം അതത് സ്ഥാപനങ്ങളാണ് നടത്തുക.
പ്രവേശന പരീക്ഷ
ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും ചോദ്യങ്ങൾ. സോഷ്യൽ & ബേസിക് സയൻസ്, പൊതു വിജ്ഞാനം, ഇംഗ്ലീഷ്, ന്യൂമറിക്കൽ എബിലിറ്റി & അനലറ്റിക്കൽ ആപ്റ്റിറ്റ്യൂഡ്, ഡിസൈൻ അവയെർനെസ് എന്നീ വിഷയങ്ങളിൽനിന്ന് 100 ചോദ്യങ്ങളുണ്ടാകും. നെഗറ്റിവ് മാർക്കില്ല. 100 മിനിറ്റാണ് പരീക്ഷാ സമയം.1300 രൂപയാണ് ജനറൽ വിഭാഗത്തിന്റെ അപേക്ഷാ ഫീസ്. പിന്നാക്ക വിഭാഗക്കാരുൾപ്പെടെ മറ്റുള്ളവർക്ക് 650 രൂപ. എൽ.ബി.എസ് സെന്റർ വെബ്സൈറ്റ് വഴി ഓൺലൈനായോ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ശാഖ വഴിയോ മേയ് 20 വരെ ഫീസടയ്ക്കാം. വെബ്സൈറ്റ്: lbscentre.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |