ന്യൂഡൽഹി: ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഏപ്രിൽ 22ലെ ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന 30 മിനിറ്റ് നീണ്ട കൂടിക്കാഴ്‌ചയിൽ പഹൽഗാമിലെ ആക്രമണം ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചർച്ച ചെയ്‌തു. കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട് ഒമറിന്റെ പാർട്ടി നാഷണൽ കോൺഫറൻസും സമാന പ്രസ്‌താവന ഇറക്കി.
പഹൽഗാം ആക്രമണത്തിന് ശേഷം പ്രകോപനപരമായ പ്രസ്‌താവനകൾ ഒഴിവാക്കി കേന്ദ്ര സർക്കാരുമായി സഹകരണ മനോഭാവത്തോടെയാണ് ഒമറും ജമ്മുകാശ്‌മീർ സർക്കാരും നീങ്ങുന്നത്. വിനോദ സഞ്ചാരികളുടെ സുരക്ഷ സംസ്ഥാന സർക്കാരിന്റെയും ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കാശ്‌മീരിന്റെ അതിഥികളായി എത്തിയ ആളുകളെ സുരക്ഷിതമായി തിരിച്ചയ്‌ക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം സ്വയം കുറ്റപ്പെടുത്തി.
അക്രമത്തെ അപലപിക്കാൻ ചേർന്ന സംസ്ഥാന നിയമസഭാ സമ്മേളനം പാസാക്കിയ പ്രമേയത്തിലും കേന്ദ്രസർക്കാരിനെതിരെ ഒരു പരാമർശവുമുണ്ടായില്ല. അക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്‌മീരിനുള്ള സമ്പൂർണ പദവി അടക്കമുള്ള ആവശ്യങ്ങൾ തത്‌കാലം ഉന്നയിക്കേണ്ടെന്ന നിലപാടിലാണ് നാഷണൽ കോൺഫറൻസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |