ന്യൂഡൽഹി: കൂട്ടമാനഭംഗക്കേസിൽ ഒരാൾ മാത്രമാണ് ഇരയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതെങ്കിലും മറ്റു പ്രതികളും കുറ്റകൃത്യത്തിന്റെ ഭാഗമായി ശിക്ഷയ്‌ക്ക് അർഹരെന്ന് സുപ്രീംകോടതി. സംഘത്തിലെ എല്ലാവരെയും ശിക്ഷിക്കാൻ ഒരാൾ ചെയ്യുന്ന ഒരു പ്രവൃത്തി മതിയാകുമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ,കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2004ൽ ജൂണിൽ മദ്ധ്യപ്രദേശിൽ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി,തടവിലിട്ട്,മാനഭംഗം ചെയ്ത കേസിൽ ഹൈക്കോടതി കുറ്റക്കാരനാണെന്ന് വിധിച്ചയാളുടെ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
വിചാരണ കോടതി രാജുവിന് ജീവപര്യന്തം തടവും കോളിന് പത്ത് വർഷത്തെ തടവും വിധിച്ചത്. ഇത് പിന്നീട് ഹൈക്കോടതി ശരിവച്ചു
എഫ്.ഐ.ആറിൽ കോൾ മാനഭംഗം നടത്തിയെന്ന് മാത്രമേ പരാമർശിച്ചിട്ടുള്ളൂവെന്ന് ചൂണ്ടിക്കാട്ടി രാജുവാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ രണ്ടുപേരും മാനഭംഗപ്പെടുത്തിയെന്ന് ഇര മൊഴി നൽകിയിരുന്നു. തട്ടിക്കൊണ്ടുപോയതിലും തടങ്കലിൽ പാർപ്പിച്ചതിലും ഹർജിക്കാരനായ രാജുവിന്റെ പങ്ക് വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കൂടാതെ രാജു ഇരയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിലും കൂട്ടമാനഭംഗ കേസിൽ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
വർദ്ധിച്ചുവരുന്ന കൂട്ടമാനഭംഗ ഭീഷണിയെ ഫലപ്രദമായി നേരിടുക എന്ന ലക്ഷ്യത്തോടെയാണ് നിയമം ആവിഷ്‌കരിച്ചിരിക്കുന്നത്. അതിനാൽ പ്രതികളിൽ ഓരോരുത്തരും പൂർണ്ണമായി മാനഭംഗത്തിൽ ഉൾപ്പെട്ടതിന് തെളിവ് ചേർക്കേണ്ടതില്ല. കോളിനൊപ്പം ഇരയെ ലൈംഗികമായി ആക്രമിക്കുക എന്ന പൊതു ഉദ്ദേശ്യത്തോടെയാണ് രാജു പ്രവർത്തിച്ചതെന്നും കോടതി കണ്ടെത്തി. അതേസമയം രാജുവിന്റെ ശിക്ഷ ജീവപര്യന്തത്തിൽ നിന്ന് കോളിനൊപ്പം പത്തു വർഷമായി കുറയ്‌ക്കാൻ കോടതി വിധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |