പനാജി: ഗോവയിലെ ഷിർഗാവോയിൽ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറു പേർ മരിച്ചു. 75 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളേജിലും (ജി.എം.സി) മാപുസയിലെ നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 4.30ഓടെയായിരുന്നു അപകടം. വടക്കൻ ഗോവയിലെ ഷിർഗാവോയിലുള്ള ലയ്റായി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയാണ് അപകടം നടന്നത്. ഘോഷയാത്രയ്ക്കിടെ ചിലർക്ക് വൈദ്യുതാഘാതമേറ്റെന്നും ഇതാണ് ജനങ്ങളുടെ പെട്ടെന്നുള്ള പരിഭ്രാന്തിക്ക് വഴിവച്ചതെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഘോഷയാത്രയ്ക്കിടെ എന്തോ കാരണത്താൽ ജനങ്ങൾ പരിഭ്രാന്തരാവുകയും ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നുമെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടക്കൻ ഗോവ എസ്.പി അക്ഷത് കൗശൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും അനുശോചനം രേഖപ്പെടുത്തി. പ്രമോദ് സാവന്ത് ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. തുടർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സാവന്ത് പറഞ്ഞു.
ക്ഷേത്രത്തിൽ വർഷംതോറും നടക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ജനങ്ങളാണ് എത്തുക. ഗോവയ്ക്ക് പുറമെ മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നുമാണ് ഏറ്റവും കൂടുതൽ ഭക്തർ എത്താറുണ്ട്. സത്ര എന്നത് അഗ്നിയുമായി ബന്ധപ്പെട്ട ചടങ്ങുള്ള ഒരു വാർഷിക ഉത്സവമാണ്. ഈ ആഘോഷത്തിന്റെ ഭാഗമായി വലിയ ഘോഷയാത്രയും നടക്കാറുണ്ട്. ചടങ്ങിന് മാത്രമായി ഏകദേശം 1,000 പൊലീസുകാരെ വിന്യസിച്ചിരുന്നു. ജനക്കൂട്ടത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഡ്രോണുകളും വിന്യസിച്ചിരുന്നു. അത്രയേറെ സുരക്ഷ മുന്നൊരുക്കങ്ങൾ ഒരുക്കിയിട്ടും അപകടം ഉണ്ടായതിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |