ജയ്‌പൂർ: രാജസ്ഥാനിലെ ഇന്ത്യ - പാക് അതിർത്തിയിൽ നിന്ന് പാക് റേഞ്ചേഴ്സ് ജവാനെ പിടികൂടിയതായി റിപ്പോർട്ട്. ബിഎസ്എഫാണ് പാക് ജവാനെ പിടികൂടിയത്. ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടികൂടിയതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ആക്രമണം ഭയന്ന് നെട്ടോട്ടമോടുന്ന പാകിസ്ഥാൻ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തിയിട്ടുണ്ട്. സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചുവിടാനായി ഇന്ത്യ ഏതുതരം നിർമ്മിതിയുണ്ടാക്കിയാലും തകർക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് രംഗത്തെത്തിയത്.
പാകിസ്ഥാന് വെള്ളം ഉറപ്പാക്കുന്ന സിന്ധു നദീജല കരാർ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പാക് മന്ത്രിയുടെ പരാമർശം. പാകിസ്ഥാന്റെ ജലം വഴിതിരിച്ചു വിടുന്നത് ആക്രമണത്തിന്റെ മുഖമായി കണക്കാക്കുമെന്നാണ് ഖ്വാജയുടെ വാദം. സിന്ധു തടത്തിൽ അണക്കെട്ടുകൾ നിർമ്മിക്കാൻ ഇന്ത്യ നീങ്ങിയാൽ പാകിസ്ഥാന്റെ പ്രതികരണം എന്തായിരിക്കുമെന്ന ചോദ്യത്തിനാണ് ഖ്വാജയുടെ പ്രകോപനപരമായ മറുപടി. ഇന്ത്യ അങ്ങനെ ചെയ്യുന്നത് പാകിസ്ഥാനെതിരായ ആക്രമണമായിരിക്കും. അവർ ഇത്തരത്തിലുള്ള ശ്രമം നടത്തിയാൽ പോലും പാകിസ്ഥാൻ ആ നിർമ്മിതി നശിപ്പിക്കുമെന്നാണ് ഖ്വാജ ആസിഫ് പറഞ്ഞത്.
ഇതിനിടെ പാകിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതികളും ഇന്ത്യ പൂർണമായി നിരോധിച്ചു. പഹൽഗാം ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുന്നതിന്റെ ഭാഗമായാണ് നിരോധനം. ദേശീയ സുരക്ഷയെക്കരുതിയാണ് തീരുമാനമെന്നും പാകിസ്ഥാനിൽ നിന്ന് നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഉണ്ടെന്നുമാണ് വാണിജ്യമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |