തിരുവനന്തപുരം:കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്നലെ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലി വമ്പിച്ച ജനപങ്കാളിത്താൽ ശ്രദ്ധേയമായി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതാക്കൾ പങ്കെടുത്ത വമ്പിച്ച റാലി നടന്നത്
. കോൺഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, എം.എം. ഹസ്സൻ, വി.എസ്. ശിവകുമാർ, പാലോട് രവി, എം.ലിജു. എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ സെക്രട്ടേറിയറ്റ് പരിസരത്ത് നിന്നും ആരംഭിച്ച റാലിയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി.വേണു ഗോപാൽ, ദീപാദാസ് മുൻഷി, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എന്നിവരും പങ്കുചേർന്നു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുദ്രാവാക്യങ്ങളുയർത്തി കാൽനടയായി ആരംഭിച്ച റാലി വൈകുന്നേരം ആറ് മണിയോടെ പുത്തരിക്കണ്ടം മൈതാനത്ത് എത്തിച്ചേർന്നു. തുടർന്ന് നടന്ന പൊതുപരിപാടി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി.
സതീശനും പങ്കെടുത്തു.
ഭരണഘടനാ മൂല്യങ്ങളെ അടിച്ചമർത്തി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണെന്ന് ദീപാദാസ് മുൻഷി കുറ്റപ്പെടുത്തി. കോൺഗ്രസ് ഭാരത് ജോഡോ ന്യായ യാത്ര നടത്തിയപ്പോൾ ഉന്നയിച്ച ജാതി സെൻസസ് എന്ന ആശയം ബി.ജെ.പി. സർക്കാർ പിന്നീട് ശരി വച്ചത് കോൺഗ്രസിന്റെ വിജയമാണെന്നും അവർ പറഞ്ഞു. യു.ഡി.എഫ് നടത്തിയ . വികസന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുകയാണ് പിണറായി വിജയനെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു..
രാജ്യത്തെ നിലനിറുത്തുന്നത്
രാഹുൽഗാന്ധി: കെ. സുധാകരൻ
തിരുവനന്തപുരം: രാജ്യത്തെ നിലനിറുത്തുന്നത് രാഹുൽ ഗാന്ധിയുടെ ഇടപെടലുകളാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസിന്റെ ഭരണഘടനാ സംരക്ഷണ റാലിയായ സംവിധാൻ ബച്ചാവോയുടെ പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വഖഫ് നിയമവും, മണിപ്പൂരടക്കം ജനങ്ങളെ കേന്ദ്രസർക്കാർ വേട്ടയാടിയ വിവിധ വിഷയങ്ങളിൽ ഇടപെടാനും പ്രയാസപ്പെടുന്നവർക്ക് ആശ്വാസമാകാനും രാഹുലിന് കഴിഞ്ഞു. രാഷ്ട്രപിതാവിന് ശേഷം ഇന്ത്യാരാജ്യത്ത് മതേതരത്വം ഉൾപ്പെടെ ഊട്ടി ഉറപ്പിക്കാൻ ഓടിചാടി നടക്കുകയാണ് അദ്ദേഹം.
പാകിസ്ഥാന് മറുപടി നൽകാൻ
മോദിക്ക് കഴിയുന്നില്ല :
കെ.സി.വേണുഗോപാൽ
തിരുവനന്തപുരം : പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് 15 ദിവസം പിന്നിടുമ്പോഴും പാവപ്പെട്ട ഇന്ത്യക്കാരെ കൊന്നൊടുക്കിയ പാകിസ്ഥാൻ ഭീകരർക്ക് മറുപടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയുന്നില്ലെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. കോൺഗ്രസിന്റെ ഭരണഘടനാ സംരക്ഷണ റാലിയായ സംവിധാൻ ബച്ചാവോ പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് കോൺഗ്രസും ഇന്ത്യാ മുന്നണിയും പൂർണ പിന്തുണയാണ് നൽകിയത്. ഭീകരവാദത്തോട് സന്ധിയില്ലെന്ന നിലപാട് ആവർത്തിക്കുകയാണ്. യു.പി .എ സർക്കാരിന്റെ കാലത്ത് മുംബെ ഭീകരാക്രമണമുണ്ടായപ്പോൾ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി രണ്ടാം ദിവസം കേന്ദ്രത്തെ കുറ്റപ്പെടുത്തി രംഗത്തെത്തി. രാജ്യത്തിന്റെ അതിർത്തി നിങ്ങളുടെ കൈയിലാണ്, സൈന്യം നിങ്ങളുടെ കൈയിലാണ് എന്നാണ് അന്ന് മോദി പറഞ്ഞത്. ഇന്ന് 15 ദിവസം പിന്നിടുമ്പോഴും 56 ഇഞ്ച് നെഞ്ചളവുള്ള പ്രധാനമന്ത്രി മാദ്ധ്യമങ്ങളിലൂടെ വെടി പൊട്ടിയ്ക്കുകയാണ്. ദളിത് വേട്ടയിൽ മോദിയും പിണറായിയും ഒരു പോലെയാണ്. ഏറ്റവും ഒടുവിൽ കേരളത്തിൽ വേടന് നേരിടേണ്ടി വന്നത് ഇതിനുദാഹരണമാണ്.. അദാനിയാണ് പിണറായിയുടെ പ്രധാന പാർട്ണറെന്നും വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |