തിരുവനന്തപുരം: കേരള സർവകലാശാല പഠനവകുപ്പുകളിൽ നാലുവർഷ ബിരുദ പ്രവേശനപരീക്ഷയ്ക്ക് 10വരെ അപേക്ഷിക്കാം. 2025-26 അക്കാഡമിക വർഷത്തിൽ 16മേജർ വിഷയങ്ങളിൽ നാലുവർഷ ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാമുകളാണുള്ളത്. മേജർ വിഷയങ്ങളായി മലയാളം,കേരള പഠനം,ഇംഗ്ളീഷ്,ഹിന്ദി,സംസ്കൃതം,ഹിസ്റ്ററി,ഇക്കണോമിക്സ്,പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ഫിസിക്സ്,കെമിസ്ട്രി,ബയോളജി, ജിയോളജി,കമ്പ്യൂട്ടർ സയൻസ്,സൈക്കോളജി,മാത്തമാറ്റിക്സ്,ബി.ബി.എ, ബി.കോം എന്നിവയാണുള്ളത്.
നൂതന വിഷയങ്ങളുൾപ്പെടെ മൈനറായും പഠിക്കാം. ഡാറ്റാ സയൻസ്,ഡാറ്റാ അനലിറ്റിക്സ്,അപ്ളൈഡ് ലിംഗ്വിസ്റ്റിക്സ്, സൈബർ സെക്യൂരിറ്റി, സപ്ളൈചെയിൻ, നാനോസയൻസ്, ബയോടെക്നോളജി,ബയോകെമിസ്ട്രി,ക്ളൈമറ്റ് ചേഞ്ച്,ഫംഗ്ഷണൽ മെറ്റീരിയൽസ്,മെഷീൻ ലേർണിംഗ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി അമ്പതിലധികം മൈനർ വിഷയങ്ങളുണ്ട്.
മൈനർ വിഷയത്തിൽ നിശ്ചിത ക്രെഡിറ്റ് കരസ്ഥമാക്കിയാൽ അതേ വിഷയത്തിൽ ബിരുദാനന്തരബിരുദവും ഗവേഷണവും തുടരാനും അവസരമുണ്ട്. മൂന്നുവർഷത്തിൽ നിശ്ചിത ക്രെഡിറ്റ് കരസ്ഥമാക്കി പഠനം അവസാനിപ്പിക്കുന്നവർക്ക് ബി.എ /ബി.എസ്‌സി/ബി.ബി.എ /ബി.കോം ഡിഗ്രി നേടി പുറത്തുപോകാനും അവസരം ലഭിക്കും. ബിരുദപഠനത്തിന്റെ മൂന്നുവർഷത്തിൽ 75% (CGPA-7.5) വിദ്യാർത്ഥികൾക്ക് നാലാംവർഷം തുടർന്നു പഠിക്കാം. നാലുവർഷ ഡിഗ്രി വിജയകരമായി പൂർത്തിയാക്കിയാൽ '' ഓണേഴ്സ് വിത്ത് റിസർച്ച്" ബിരുദമാണ് ലഭിക്കുന്നത്. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
പ്രവേശന പരീക്ഷയുടെ ഘടന
16 മേജർ വിഷയങ്ങളിൽ ഒരു മണിക്കൂർ വീതം ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണുള്ളത്. ഹയർ സെക്കൻഡറി തലത്തിൽ അതത് വിഷയങ്ങളുടെ സിലബസ് ആധാരമാക്കിയായിരിക്കും ചോദ്യങ്ങൾ. ഒരു ശരിയുത്തരത്തിന് 4മാർക്ക് ലഭിക്കും. ഒരു തെറ്റ് ഉത്തരത്തിന് ഒരു മാർക്ക് കുറയും. അഞ്ച് വിഷയങ്ങളിൽവരെ പരീക്ഷയെഴുതാം. എല്ലാജില്ലകളിലും പരീക്ഷ സെന്ററുകളുണ്ട്. മൂന്ന് ജില്ലകൾവരെ സെന്ററായി നൽകാനുള്ള ഓപ്ഷനുണ്ട്. യോഗ്യത: ഹയർ സെക്കൻഡറി/തത്തുല്യം. റിസൾട്ട് കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ admissions.keralauniversity.ac.in ൽ ഓൺലൈനായി സമർപ്പിക്കാം. വിവരങ്ങൾക്ക് email: cssfyugphelp2025@gmail.com. Phone: 0471- 2308328, മൊബൈൽ: 9188524612.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |