ന്യൂഡൽഹി: പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത് നാലു ഭീകരരെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചതായി സൂചന. ഇതിൽ രണ്ട് പാക് ഭീകരരാണ് നിറയൊഴിച്ചത്. കാശ്‌മീരികളായ മറ്റു രണ്ടു ഭീകരർ ഇവരുടെ സഹായികളായി പ്രവർത്തിച്ചു.
ടൂറിസ്റ്റുകളുടെ അടുത്തെത്തി അവരെ ഫുഡ് കോർട്ട് കോംപ്ലക്‌സിലേക്ക് എത്തിച്ചത് കാശ്‌മീരികളായ ഭീകരരാണ്. തുടർന്ന് ഒളിച്ചിരിക്കുകയായിരുന്ന പാക് ഭീകരർ പുറത്തേക്ക് വന്ന് ക്ലോസ് റേഞ്ചിൽ വെടിവയ്‌ക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.
അതേസമയം, സംഭവത്തിന് 15 ദിവസം മുൻപ് മാത്രം ബൈസരനിൽ കട തുടങ്ങിയ പ്രദേശവാസിയെ എൻ.ഐ.എ ഉൾപ്പെടെ ചോദ്യം ചെയ്യുകയാണ്. ഭീകരർക്ക് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടെന്ന നിഗമനത്തിലാണിത്. പ്രദേശത്തെ 100ലധികം പേരെ ചോദ്യം ചെയ്‌തതിൽ നിന്നാണ് കടയുടമയുടെ പങ്കിനെക്കുറിച്ച് സംശയമുയർന്നത്.
ബൈസരനിലെ സിപ് ലൈൻ ഓപ്പറേറ്റർക്ക് സംഭവത്തിൽ ബന്ധമില്ലെന്നാണ് എൻ.ഐ.എ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തലെന്നും സൂചനയുണ്ട്. വെടിവയ്‌പ്പു ശബ്‌ദം കേട്ട് ഭയന്നാണ് ദൈവത്തെ വിളിച്ചതെന്ന മൊഴി വിശ്വസനീയമെന്നാണ് വിലയിരുത്തൽ. അതേസമയം, അതിർത്തി കടന്നുവെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാൻ പൂർണം കുമാർ സാഹുവിനെ ഇതുവരെ വിട്ടുനൽകാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |