ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിക്ക് ഇന്ത്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉറ്റ സുഹൃത്തായ റഷ്യ. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. ഇന്ത്യൻ തിരിച്ചടി ഭയന്ന്, പാകിസ്ഥാൻ റഷ്യയുടെ മദ്ധ്യസ്ഥത അഭ്യർത്ഥിച്ചിരിക്കെയാണ് പുട്ടിൻ നിലപാട് വ്യക്തമാക്കിയത്.
ഹീനമായ ആക്രമണം നടത്തിയവരെയും അവരെ പിന്തുണയ്ക്കുന്നവരെയും വെറുതേവിടരുതെന്ന് പുട്ടിൻ പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ-റഷ്യ പങ്കാളിത്തം കൂടുതൽ ദൃഢമാക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. മേയ് 9ലെ രണ്ടാം ലോകമഹായുദ്ധ 80-ാം വാർഷികാഘോഷത്തിന് റഷ്യയ്ക്ക് പ്രധാനമന്ത്രി ആശംസ നേർന്നു. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലേക്ക് ക്ഷണം ആവർത്തിക്കുകയും ചെയ്തു.
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിർണായക ചർച്ചകൾ തുടരുകയാണ്. ഇന്നലെ രാവിലെ പ്രതിരോധ സെക്രട്ടറി രാജേഷ്‌കുമാർ സിംഗ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലുമെത്തി തിരിച്ചടിക്കുള്ള തയ്യാറെടുപ്പ് വിശകലനം ചെയ്തു.
യുദ്ധ സന്നാഹം: വടക്കെ ഇന്ത്യൻ
സംസ്ഥാനങ്ങളിൽ മോക് ഡ്രിൽ
ന്യൂഡൽഹി: യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള നടപടികൾ സ്വീകരിക്കാൻ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. നാളെ സുരക്ഷാ മോക്ക് ഡ്രിൽ നടത്താനും നിർദ്ദേശം നൽകി. മോക് ഡ്രില്ലിന്റെ ഭാഗമായി വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ പ്രവർത്തിപ്പിക്കും. സ്വയം രക്ഷയ്ക്ക് പ്രതിരോധ നടപടികളെക്കുറിച്ച് സിവിലിയന്മാർക്ക് പരിശീലനവും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |