ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. സംഭവസ്ഥലത്ത് സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന അഞ്ച് ഐ.ഇ.ഡി (ഇംപ്രവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ്), രണ്ട് റേഡിയോ സെറ്റുകൾ, ബൈനോക്കുലറുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ കണ്ടെടുത്തു.
പൂഞ്ചിലെ സുരാൻകോട്ടിൽ കരസേനാ ഉദ്യോഗസ്ഥരും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഭീകരരുടെ ഒളിത്താവളം ഇന്നലെ തകർത്തത്.
കാശ്മീർ ഐ.ജി വി.കെ. ബിർദി വിളിച്ചുചേർത്ത സംയുക്ത സുരക്ഷാ അവലോകന യോഗം നടന്ന് തൊട്ടുപിറ്റേന്നാണ് നടപടി. പൊലീസ്, സൈന്യം, ഇന്റലിജൻസ് ഏജൻസികൾ, സി.എ.പി.എഫ് തുടങ്ങി വിവിധ വിഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു.
അതിനിടെ പഹൽഗാമിൽ അക്രമം നടത്തിയ ഭീകരർക്കായി 15-ാംദിവസവും തെരച്ചിൽ തുടരുകയാണ്. അനന്ത്നാഗ് മേഖലയിലാണ് തെരച്ചിൽ. അതിർത്തിയിൽ ശക്തമായ സുരക്ഷാ വിന്യാസവും തുടരുന്നു. പാകിസ്ഥാൻ നിരന്തരം വെടിനിറുത്തൽ കരാർ ലംഘിക്കുന്നതിനാൽ നിയന്ത്രണ രേഖയിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ട്.
കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്‌നൂർ സെക്ടറുകളിലാണ് പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ ഇന്നലെ വെടിവയ്പ്പ് നടത്തിയത്. ഇത് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചുവെന്ന് അധികൃതർ പറഞ്ഞു.
54 റൂട്ടുകൾ കേന്ദ്രീകരിച്ച്
പഹൽഗാമിൽ 26 പേരെ വെടിവച്ചുകൊലപ്പെടുത്തിയ ഭീകരർക്കായുള്ള തെരച്ചിൽ സേന ശക്തമാക്കി. ഭീകരാക്രമണം നടന്ന ബൈസാരൻ താഴ്‌വരയിൽ നിന്ന് ആരംഭിക്കുന്ന 54 റൂട്ടുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും നിലവിൽ തെരച്ചിൽ നടക്കുന്നതെന്ന് സേന വൃത്തങ്ങൾ അറിയിച്ചു. ഈ വഴികളിൽ ചിലത് ഇടതൂർന്ന വനങ്ങളിലേക്കും പർവതങ്ങളിലേക്കും പോകുന്നവയാണ്. മറ്റുള്ളവ കാശ്മീരിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതും.
നടപടികൾ കടുപ്പിച്ച് കാശ്മീർ പൊലീസ്
ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് ജമ്മു കാശ്മീർ പൊലീസ്. 2,800 പേരെ കസ്റ്റഡിയിലെടുത്തെന്ന് കാശ്മീർ ഐ.ജി വി.കെ ബിർദി അറിയിച്ചു. 90 പേർക്കെതിരെ പി.എസ്.എ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി ഭീകരർക്കായി തെരച്ചിൽ നടക്കുന്നുണ്ട്. നിർണായക മേഖലകളിലും സുരക്ഷാ വിന്യാസം ശക്തമാക്കി. ജനങ്ങളുമായി സഹകരിച്ചാണ് കൂടുതൽ നടപടികൾ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരരെ സഹായിച്ചു; യുവാവ്
നദിയിൽ ചാടി മരിച്ചു
ജമ്മു കാശ്മീരിൽ ഭീകരർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകിയ യുവാവ് സുരക്ഷാസേനയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നദിയിൽ വീണ് മരിച്ചു. ഇംതിയാസ് അഹമ്മദ് മാഗ്രേയ് (23) ആണ് മരിച്ചത്. ഇയാൾ ലഷ്കറെ തയ്ബ സംഘാംഗമാണെന്ന റിപ്പോർട്ടുമുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ശനിയാഴ്ചയാണ് ജമ്മു കാശ്മീർ പൊലീസ് ഇംതിയാസിനെ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തത്. കുൽഗാമിലെ ടംഗ്മാർഗിലെ വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർക്ക് ഭക്ഷണവും മറ്റ് വസ്തുക്കളും എത്തിച്ച് നൽകിയെന്ന് ഇംതിയാസ് സമ്മതിച്ചിരുന്നു. ഭീകരവാദികളുടെ ഒളിയിടം അറിയാമെന്നും പറഞ്ഞു. തുടർന്ന് ഞായറാഴ്ച, സുരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് അവിടേക്കുള്ള വഴികാണിക്കുന്നതിനിടെയാണ് ഝലം നദിയുടെ പോഷകനദിയായ വേഷ്വയിൽ ചാടി രക്ഷപ്പെടാൻ ഇംതിയാസ് ശ്രമിച്ചത്. ശക്തമായ ഒഴുക്കിൽപ്പെട്ട ഇംതിയാസിന്റെ മൃതദേഹം അദ്ബാൽ നീർച്ചാലിൽ നിന്നാണ് പൊലീസ് വീണ്ടെടുത്തത്.
ഇംതിയാസ് നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ സുരക്ഷാസേനയുടെ ഡ്രോണിൽ പതിഞ്ഞിരുന്നു. ഇത് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായതോടെ ഇംതിയാസ് പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മരിച്ചതെന്ന ആരോപണവുമായി കുടുംബവും രംഗത്തെത്തി. പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയും സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |