ന്യൂഡൽഹി: പകിസ്ഥാനുമായി സംഘർഷം രൂക്ഷമാകുന്നതിനിടെ പാക് ഹാക്കർമാർ ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം നടത്തി. ഇന്ത്യൻ മിലിട്ടറി എൻജിനിയറിംഗ് സർവീസ്, മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് എന്നിവയുടെ വെബ്സെറ്റുകൾക്ക് നേരെയാണ് സൈബർ ആക്രമണം നടന്നതെന്നാണ് വിവരം. വ്യക്തിഗത വിവരങ്ങൾ അടക്കം ചോർത്താൻ ശ്രമം നടന്നു. വിവര ചോർച്ച തടയാൻ നടപടികൾ സ്വീകരിച്ചെന്നും കരസേന വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ഇന്ത്യൻ കരസേനയുമായി ബന്ധപ്പെട്ട നിർണായക വെബ്സൈറ്റുകൾ ഹാക്ക് ചെയ്തെന്ന് അവകാശപ്പെട്ട് "പാകിസ്ഥാൻ സൈബർ ഫോഴ്‌സ്" സംഘടന എക്സിൽ രംഗത്ത് വന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആർമേർഡ് വെഹിക്കിൾ നിഗം ലിമിറ്റഡിന്റെ (എ.വി.എൻ.എൽ) വെബ്‌സൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ വികൃതമാക്കി എക്സിൽ ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ചോർത്തിയതായാണ് ഇവരുടെ അവകാശവാദം.
നേരത്തെയും ഇതേരീതിയിൽ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ഹാക്കർമാരുടെ ശ്രമമുണ്ടായിരുന്നു. എന്നൽ,അതിൽ ഹാക്കർമാർ വിജയിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |