ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് ഖത്തറും. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾക്കും, അൽ-താനി പൂർണ പിന്തുണ അറിയിച്ചു. കഴിഞ്ഞ ദിവസം റഷ്യയും ജപ്പാനും ഇന്ത്യക്ക് പിന്തുണയറിയിച്ചിരുന്നു.
ഇന്ത്യാ സന്ദർശനത്തിലുള്ള ജാപ്പനീസ് പ്രതിരോധ മന്ത്രി ജെൻ നകാതാനി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഒപ്പമുണ്ടെന്ന നിലപാട് വ്യക്തമാക്കിയത്.
ഇന്നലെ യു.എൻ രക്ഷാ സമിതിയിൽ പാകിസ്ഥാൻ തിരിച്ചടി നേരിട്ടിരുന്നു. സമിതിയുടെ അനൗപചാരിക സെഷനായതിനാൽ ഔദ്യോഗിക പ്രസ്താവനയോ പ്രമേയമോ ഇല്ലാതെയാണ് യോഗം അവസാനിച്ചത്. വിഷയത്തെ അന്താരാഷ്ട്രവത്കരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾക്കേറ്റ തിരിച്ചടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞതായാണ് യോഗത്തിന് ശേഷം പാക് പ്രതിനിധി അസീം ഇഫ്തിഖർ പ്രതികരിച്ചത്.
സാധാരണക്കാരെ ലക്ഷ്യമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിന് പിന്തുണ നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രക്ഷാസമിതിയിൽ
ഉത്തരംമുട്ടി പാകിസ്ഥാൻ
ആക്രമണത്തിൽ ലഷ്‌കറെ ത്വയ്ബയ്ക്ക് പങ്കുണ്ടോ എന്ന് അംഗങ്ങൾ
മതാടിസ്ഥാനത്തിൽ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടതിനെ പറ്റി ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി
പാകിസ്ഥാന്റെ മിസൈൽ പരീക്ഷണങ്ങളിലും ആണവ ഭീഷണികളിലും ആശങ്ക. ഇവ സംഘർഷം വർദ്ധിപ്പിക്കുന്ന ഘടകങ്ങളെന്ന് വിലയിരുത്തൽ
ചർച്ചയ്ക്കും സമാധാനപരമായ പരിഹാരത്തിനും കൗൺസിൽ ആഹ്വാനം ചെയ്തു
- ഖാലിദ് മുഹമ്മദ് ഖിയാരി,
അസിസ്റ്റന്റ് സെക്രട്ടറി-ജനറൽ ഫോർ മിഡിൽ ഈസ്റ്റ്, ഏഷ്യ ആൻഡ് പസഫിക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |