ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷ്ൻ സിന്ദൂറിലൂടെ ഇന്ത്യ വൻതിരിച്ചടി നൽകിയതോടെ ആകെ നെട്ടോട്ടത്തിലാണ് പാകിസ്ഥാൻ സർക്കാർ. യുദ്ധ ഭീതിയിൽ ചൈനയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹായം തേടുകയാണ് പാകിസ്ഥാൻ . എന്നാൽ ഇന്ത്യയുമായി ഇപ്പോൾ ഒരു യുദ്ധം ഉണ്ടാകുന്നത് പാകിസ്ഥാന് താങ്ങാൻ കഴിയില്ല എന്നാണ് അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. പണ്ടേ ദുർബല പോരെങ്കിൽ ഗർഭിണിയും. എന്ന നിലയിലേക്ക് പാകിസ്ഥാന്റെ സാമ്പത്തിക രംഗം വാറും.
ഇന്ത്യയുമായി യുദ്ധത്തിന് ഒരുങ്ങിയാൽ ഇപ്പോഴേ കനത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള പാക് സമ്പദ്‌വ്യവസ്ഥ ഉടനൊന്നും തിരിച്ചു കയറാനാകാത്ത വിധം തകർന്നടിയുമെന്നുമാണ് അമേരിക്കൻ റേറ്റിംഗ് ഏജൻസി മൂഡിസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ തന്നെ പണപ്പെരുപ്പത്താൽ പൊറുതി മുട്ടുകയാണ് പാകിസ്ഥാൻ ജനത.
ഒരു കിലോ അരിയ്ക്ക് 34 പാകിസ്ഥാൻ രൂപയാണ് (10 ഇന്ത്യൻ രൂപ) ഇപ്പോൾ അവിടുത്തെ വില. കോഴിയിറച്ചിക്ക് 780, മുട്ടയ്ക്ക് 332, ബ്രഡിന് 160, പഴത്തിന് 176 എന്നിങ്ങനെയാണ് മറ്റ് അവശ്യവസ്തുക്കളുടെ വിലനിലവാരം. ഈ സാഹചര്യത്തിൽ യുദ്ധം വന്നാൽ വില വീണ്ടും കുതിച്ചുകയറും. ജി.ഡി.പി വളർച്ചാ നിരക്ക് കുത്തനെ ഇടിയും. കൂടാതെ എ.ഡി.ബി, ഐ.എം.എഫ് തുടങ്ങിയവയിൽ നിന്നുള്ള സഹായവും നിലച്ചേക്കും. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിന്ധുനദീജല കരാർ റദ്ദാക്കിയതും പാകിസ്ഥാനുമായുള്ള വാണിജ്യ ഇടപാടുകൾ അവസാനിപ്പിച്ചതും ഇപ്പോൾ തന്നെ പാകിസ്ഥാന് തിരിച്ചടിയായിട്ടുണ്ട്.
യുദ്ധം നടന്നാൽ പാകിസ്ഥാൻ മാത്രമല്ല ചൈനയും അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും, പാകിസ്ഥാനിൽ വൻതോതിലുള്ള നിക്ഷേപം ചൈന നടത്തിയിട്ടുണ്ട്. പാകിസ്ഥാന് ഡോളർ കണക്കിന് സാമ്പത്തിക സഹായവും ചൈന കടമായി നൽകിയിട്ടുണ്ട്. യുദ്ധം വന്നാൽ ചൈനയ്ക്ക് സാമ്പത്തികമായി വൻ തിരിച്ചടിയാണ് ഇതു കാരണം നേരിടേണ്ടി വരിക. അതിനാൽ യുദ്ധം ഒഴിവാക്കാനാണ് ചൈന പരമാവധി ശ്രമിക്കുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |