പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന ഒരേയൊരു നടനേ മലയാളത്തിലുള്ളു, സാക്ഷാൽ മമ്മൂട്ടി. താരരാജാവ് ഇന്ന് 68ാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയ മുഴുവൻ താരത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള ആരാധകരുടെ കുറിപ്പുകളാണ്. അതിനിടയിൽ മെഗാസ്റ്റാറിന് വ്യത്യസ്തമായ രീതിയിൽ പിറന്നാളാശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ കടുത്ത ആരാധികയും നടിയുമായ അനു സിത്താര.
മമ്മൂട്ടി അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങളുടെ ചിത്രങ്ങളും, 'ഹാപ്പി ബർത്ത് ഡേ മമ്മൂക്ക' എന്നും ഷാളിൽ പ്രിന്റ് ചെയ്ത് അത് വീശുന്ന വീഡിയോയാണ് അനു സിത്താര പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. മമ്മൂട്ടിയോടുള്ള ആരാധനയെപ്പറ്റി നിരവധി അഭിമുഖങ്ങളിൽ അനു സിത്താര വ്യക്തമാക്കിയിരുന്നു.
വാപ്പച്ചിക്ക് പിറന്നാളാശംസയുമായി ദുൽഖറും രംഗത്തെത്തി. മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. 'ഞാൻ ഇന്ന് എന്താണോ അതിന് കാരണക്കാരനായ വ്യക്തിക്ക് ഒരായിരം ജന്മദിനാശംസകൾ. സ്നേഹവും സമയവും നൽകി ഞങ്ങളെ ദിനവും പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കുന്നു. നിങ്ങൾ വലിയവനാണ് ഇതിഹാസം...എന്റെ വാപ്പച്ചി'-ദുൽഖർ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |