
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ ചില ചിത്രങ്ങൾ വിലക്കി കേന്ദ്രം. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാനിരുന്ന ആറ് ചിത്രങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഓൾ ദാറ്റ് ലെഫ്റ്റ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്ലെയിംസ്, ഈഗിൾസ് ഓഫ് റിപ്ലബിക്ക്, എ പോയറ്റ് എന്നീ ചിത്രങ്ങൾക്കാണ് വിലക്ക്. ഈ സിനിമകൾ പ്രദർശിപ്പിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദേശം നൽകി.
ഈ ആറ് ചിത്രങ്ങൾക്കും സെൻസർ ഇളവ് അനുവദിക്കാനാകില്ലെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിർദേശം ചീഫ് സെക്രട്ടറി ചലച്ചിത്ര അക്കാദമിക് കെെമാറിയെന്നാണ് വിവരം. ആദ്യം 19 ചിത്രങ്ങളാണ് വിലക്കിയത്. എന്നാൽ ഇന്നലെ ചില ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകിയിരുന്നു.
അതേസമയം, കേരളം അപേക്ഷിച്ച ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാത്ത കേന്ദ്ര നടപടി മേളയെ പരാജയപ്പെടുത്താനുള്ള ശ്രമമാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബിയും, പേരുകൾ നോക്കി ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിക്കുന്നത് വിഡ്ഢിത്തമാണെന്ന് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ചലച്ചിത്ര അക്കാഡമി അപേക്ഷ നൽകാൻ വൈകിയതാണ് ചില ചിത്രങ്ങൾക്ക് പ്രദർശനാനുമതി വൈകാൻ ഇടയാക്കിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
അനുമതി നിഷേധിച്ച 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടവയും ആയതിനാൽ ഈ സിനിമകൾ കാണാനുള്ള പ്രതിനിധികളുടെ അവകാശം നിഷേധിച്ചത് ഒരു കാരണവശാലും നല്ല നടപടിയല്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |