തിരുവനന്തപുരം: ശബരിമലയ്‌ക്കായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചത് ദേവസ്വം ബോർഡോ വകുപ്പ് മന്ത്രിയോ അറിയാത്ത കാര്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് ശബരിമല അടർത്തി മാറ്റണമെന്നത് ചിലരുടെ സ്വപ്നം മാത്രമാണെന്നും പദ്മകുമാർ പ്രതികരിച്ചു. വരുമാനം ഉള്ളതുകൊണ്ടാണ് ശബരിമലയ്ക്കായി അത്തരത്തിലുള്ള ആവശ്യമുയരുന്നതെന്നും ഇക്കാര്യം അറിയിക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം കഴിഞ്ഞ ദിവസമാണ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. ഭരണകാര്യങ്ങളിലുൾപ്പടെ കൃത്യമായ ചട്ടങ്ങളുമായി നിയമനിർമാണം നടത്തുമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.
2006 ജൂണിൽ ശബരിമലയിൽ നടന്ന ദേവപ്രശ്നം ശരിവച്ച് അതേ വർഷം ഒക്ടോബർ 5ന് ഹൈക്കോടതി നൽകിയ വിധിക്കെതിരെ പന്തളം കൊട്ടാരത്തിലെ രേവതി നാൾ പി.രാമവർമ രാജയും മറ്റും നൽകിയ അപ്പീൽ കഴിഞ്ഞ 27നു പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാടു വ്യക്തമാക്കിയത്. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് ശബരിമല ക്ഷേത്ര ഭരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |