ന്യൂഡൽഹി: പഹൽഗാമിൽ നിരപരാധികളെ കൊന്നൊടുക്കിയ ഭീകരതയ്‌ക്ക് മറുപടി നൽകുക മാത്രമാണ് ഇന്ത്യ നൽകിയതെന്നും അബദ്ധം തുടർന്നാൽ അതേ നാണയത്തിൽ മറുപടി നൽകുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. മേയ് 7ലെ ഇന്ത്യയുടെ ആക്രമണത്തിന് മറുപടി നൽകുന്നുവെന്ന പാക് വാദം തെറ്റ്. യഥാർത്ഥ സംഘർഷം ആരംഭിച്ചത് ഏപ്രിൽ 22ലെ പഹൽഗാം ആക്രമണത്തോടെയാണ്. അതിനോട് പ്രതികരിക്കുന്നത് ഇന്ത്യയാണ്. കാര്യങ്ങൾ കൂടുതൽ വഷളാക്കാതെ യഥാർത്ഥ സംഘർഷങ്ങളോട് മാത്രമേ പ്രതികരിക്കുന്നുള്ളൂ. ഇന്ത്യൻ പ്രതികരണം കൃത്യമായ ലക്ഷ്യത്തോടെ നിയന്ത്രിതമായാണ്. സൈനിക താവളങ്ങൾ ഒഴിവാക്കി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ മാത്രമാണ് ആക്രമിച്ചത്.
മേയ് 7 ന് രാവിലെ നടന്ന എല്ലാ ആക്രമണങ്ങളും തിരഞ്ഞെടുത്ത ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു. അതിൽ കൊല്ലപ്പെട്ട ഭീകരരെ പാകിസ്ഥാൻ പതാക പൊതിഞ്ഞ്, സംസ്ഥാന ബഹുമതികൾ നൽകി സംസ്‌കരിച്ചത് വിചിത്രമാണ്. സംസ്ഥാന ബഹുമതികളോടെ ഭീകരരുടെ ശവസംസ്കാരം നടത്തുന്നത് പാകിസ്ഥാനിൽ പതിവായിരിക്കാമെന്നും മിസ്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മതസ്ഥാപനങ്ങൾ ആക്രമിച്ചെന്ന പാക് അവകാശവാദം തള്ളുന്നു. ഭീകരതയെ വളർത്താൻ മത സ്ഥലങ്ങളെ മറയാക്കുന്നത് പാകിസ്ഥാനാണ്. അതേസമയം അവർ ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഗുരുദ്വാര തകർത്തു. ആക്രമണത്തിൽ മൂന്നുപേരാണ് മരിച്ചത്. മേയ് 7 മുതൽ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളിൽ 16 സാധാരണക്കാർ കൊല്ലപ്പെടുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിർത്തി കടന്നുള്ള ഭീകരതയുമായി ബന്ധപ്പെട്ട നമ്മുടെ നടപടികളെ വർഗീയ കോണിലൂടെ ചിത്രീകരിക്കാനും ശ്രമം നടക്കുന്നു. പാക് അധിനിവേശ കാശ്മീരിലെ നീലം ഝലം പദ്ധതി തകർത്തുവെന്നതും കെട്ടിച്ചമച്ചതാണ്. ഇപ്പോഴത്തെ പാകിസ്ഥാന്റെ ഏതൊരു നടപടിയും സംഘർഷം വർദ്ധിപ്പിക്കൽ മാത്രമാണ്, അതിനോട് ഉചിതമായ രീതിയിൽ ഇന്ത്യ പ്രതികരിക്കും. ഇന്ത്യൻ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാൻ തുനിഞ്ഞാൽ അനന്തരഫലങ്ങൾക്ക് പാകിസ്ഥാൻ ഉത്തരവാദിയായിരിക്കും.
പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത റെസിസ്റ്റൻസ് ഫ്രണ്ടിനെ(ടി.ആർ.എഫ്) കയ്യൊഴിയാനുള്ള പാക് നീക്കം ആരും വിശ്വസിക്കുന്നില്ല. പഹൽഗാം ആക്രമണം സംയുക്തമായി അന്വേഷിക്കണമെന്ന പാക് ആവശ്യം നടപടികളിൽ കാലതാമസം വരുത്താനുള്ള തന്ത്രം മാത്രമാണ്. അവരുടെ മുൻ നടപടികൾ നോക്കുമ്പോൾ മുഖവിലയ്‌ക്കെടുക്കാനാകില്ല. 2008 ലെ മുംബയ്, 2016 ലെ പത്താൻകോട്ട് തുടങ്ങിയ ഭീകരാക്രമണങ്ങളിൽ ഇന്ത്യ തെളിവു നൽകിയിട്ടും അന്വേഷണം പൂർത്തിയാക്കാൻ അവർ ശ്രമിച്ചിട്ടില്ല.
സിന്ധു നദീ കരാർ മാറ്റം അനിവാര്യം
സിന്ധു നദീജല ഉടമ്പടി ഒപ്പുവച്ചപ്പോഴുള്ള സാഹചര്യമല്ല ഇന്ന്. 50-60കളിലെ എൻജിനിയറിംഗ് സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ള ഒരു കരാറാണിത്. ജനസംഖ്യാപരമായ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സംഭവിച്ചിട്ടുണ്ട്. ശുദ്ധമായ ഊർജ്ജത്തിന്റെ അനിവാര്യതയുണ്ട്. കരാർ ഭേദഗതി ചെയ്യാൻ ഇന്ത്യ പാകിസ്ഥാൻ സർക്കാരുമായി ആശയവിനിമയം നടത്തിയിരുന്നു. നിരവധി പ്രകോപനങ്ങൾ ഉണ്ടായിട്ടും 65 വർഷമായി ഉടമ്പടിയിൽ ഇന്ത്യ ഉറച്ചുനിന്നു. പാകിസ്ഥാൻ വളർത്തിയ ഭീകരത, ഉടമ്പടി തുടരാനുള്ള ഇന്ത്യയുടെ നിലപാടിനെ തടസ്സപ്പെടുത്തിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |