ധർമ്മശാല : അതിർത്തിയോടടുത്ത ധർമ്മശാലയിൽ ഇന്നലെ പഞ്ചാബ് കിംഗ്സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിൽ നടന്ന ഐ.പി.എൽ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചു. അതിർത്തിയിൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ സ്റ്റേഡിയത്തിലെ ഫ്ളഡ്ലിറ്റ് അണയ്ക്കാൻ നിർബന്ധിതരായ അധികൃതർ മത്സരം ഉപേക്ഷിച്ച ശേഷം കളിക്കാരെയും ഗാലറിയിലെ കാണികളെയും സുരക്ഷിതമായി സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിച്ചു. സുരക്ഷിതമായി ടീം ഹോട്ടലുകളിൽ എത്തിച്ച കളിക്കാരെ എത്രയും പെട്ടെന്ന് പ്രത്യേക ട്രെയിനിൽ ധർമ്മശാലയിൽ നിന്ന് മാറ്റുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.
ഇന്നലെ ധർമ്മശാലയിൽ മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം ഒരു മണിക്കൂറോളം വൈകിയാണ് കളി തുടങ്ങിയത്. ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബാറ്റിംഗിനിറങ്ങി 10.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലെത്തിയപ്പോഴാണ് ഫ്ളഡ്ലിറ്റ് അണച്ചത്. ഒരു ടവറിലെ ലൈറ്റുകൾ മാത്രമാണ് പ്രകാശിപ്പിച്ചത്. അതിന് ശേഷം സുരക്ഷാ മുൻകരുതലോടെ കാണികളെ കനത്ത പൊലീസ് കാവലിൽ സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിച്ചു.
പഞ്ചാബിനായി ഓപ്പണിംഗിനെത്തിയ പ്രിയാംശ് ആര്യയും (70) പ്രഭ് സിമ്രാൻസിംഗും (50*) മികച്ച തുടക്കമാണ് നൽകിയത്. ആദ്യ നാലോവറിൽ ഇരുവരും ചേർന്ന് ടീമിനെ 50 റൺസിലെത്തിച്ചു. പ്രിയാംശാണ് റൺവേട്ടയ്ക്ക് ചുക്കാൻ പിടിച്ചത്. ഏഴാം ഓവറിൽ നേരിട്ട 25-ാമത്തെ പന്തിൽ പ്രിയാംശ് അർദ്ധസെഞ്ച്വറിയിലെത്തി. ഐ.പി.എല്ലിലെ പ്രിയാംശിന്റെ രണ്ടാമത്തെ അർദ്ധസെഞ്ച്വറിയായിരുന്നു ഇത്.ഒൻപതാം ഓവറിൽ ടീം നൂറിലെത്തി. പത്താം ഓവറിൽ പ്രഭ്സിമ്രാനും അർദ്ധസെഞ്ച്വറിയിലെത്തി.11-ാം ഓവറിന്റെ ആദ്യ പന്തിൽ പ്രിയാംശ് പുറത്തായതിന് പിന്നാലെയാണ് ലൈറ്റ് പോയത്.
ഇന്നത്തെ മത്സരം
ലക്നൗ Vs ആർ.സി.ബി
7.30 pm മുതൽ
ഐ.പി.എൽ
ആശങ്കയിൽ
നിലവിലെ സാഹചര്യത്തിൽ ഐ.പി.എൽ മത്സരങ്ങൾ തുടർന്ന് നടത്താൻ കഴിയുന്ന കാര്യം ആശങ്കയിലാണ്. പഞ്ചാബ്,രാജസ്ഥാൻ, ഹിമാചൽ പ്രദേശ്,ഉത്തർപ്രദേശ്,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ ആൾക്കൂട്ടം സൃഷ്ടിക്കുന്ന മത്സരങ്ങൾ നടത്തുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ. പല വിമാനത്താവളങ്ങളും അടച്ചിട്ട സാഹചര്യത്തിൽ ടീമുകളുടെ യാത്രയും സുഗമമാവില്ല. ബി.സി.സി.ഐ അധികൃതർ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |