തിരുവനന്തപുരം: അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് ആകാശ നിരീക്ഷണം ശക്തമാക്കി സേനകൾ. വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയർ വിമാനങ്ങളും ഹെലികോപ്ടറുകളും ഡ്രോണുകളുമുപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. രാത്രിയിലും നിരീക്ഷണപ്പറക്കലുണ്ട്.കൊച്ചിയിൽ നാവികസേനയുടെ റഡാർ കേന്ദ്രവും തലസ്ഥാനത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
വിഴിഞ്ഞം തുറമുഖത്ത് സുരക്ഷ ശക്തമാക്കി. സന്ദർശകരെ നിരോധിച്ചു. പൊലീസ് സുരക്ഷാപരിശോധന നടത്തുന്നുണ്ട്.
തിരുവനന്തപുരം ആസ്ഥാനമായ ദക്ഷിണവ്യോമകമാൻഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷാസംവിധാനം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണ റഡാറും ഇലക്‌ട്രോ ഒപ്റ്റിക്കൽ ഉപകരണങ്ങളുമുള്ള ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളടക്കം ഉപയോഗിച്ചാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം. രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആർ.ഒ, വി.എസ്.എസ്.സി, ബ്രഹ്മോസ് അടക്കം പ്രതിരോധ-ഗവേഷണ സ്ഥാപനങ്ങളുള്ളതിനാലാണ് തലസ്ഥാനത്ത് ജാഗ്രത.
വ്യോമനിരീക്ഷണത്തിന് ദക്ഷിണവ്യോമകമാൻഡിൽ എയ്‌റോസാറ്റ് റഡാർ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ ശക്തിയേറിയ റഡാറുണ്ട്. മൂക്കുന്നിമലയിൽ വ്യോമസേനയുടെ റഡാർ സംവിധാനമുണ്ട്. വ്യോമാക്രമണ ഭീഷണി തടയാനുള്ള സംവിധാനം ദക്ഷിണവ്യോമകമാൻഡിൽ സുസജ്ജമാണ്. തിരുവനന്തപുരം വിമാനത്താവളത്തിനും സുരക്ഷ ശക്തമാക്കി. കൂടുതൽ സി.ഐ.എസ്.എഫ് കമാൻഡോകളേയും ദ്രുതകർമ്മ സേനാംഗങ്ങളേയും നിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിൽ റഡാർ സംവിധാനത്തിനു പുറമേ ഉപഗ്രഹാധിഷ്‌ഠിത ഓട്ടോമാറ്റിക് ഡിപ്പന്റൻഡ് സർവൈലൻസ് ബ്രോഡ്കാസ്‌റ്റ് (എ.ഡി.എസ്-ബി) സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തിന്റെ ആകാശത്തിനു മുകളിലെ എല്ലാ വിമാനങ്ങളുടെയും വേഗത, സ്ഥാനം അടക്കമുള്ള വിവരങ്ങൾ തിരുവനന്തപുരത്ത് ലഭ്യമാണ്. നാവികസേനയും തീരസംരക്ഷണസേനയും സംയുക്ത പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നാവികസേനയുടെ ഉപകേന്ദ്രത്തിന് ജൂണിൽ കേന്ദ്രം അനുമതിനൽകിയിട്ടുണ്ട്. വിമാനത്താവളത്തിനടുത്ത് നാലേക്കർ സ്ഥലത്താണ് ഉപകേന്ദ്രം വരുന്നത്. വിഴിഞ്ഞം തുറമുഖത്ത് നാവികസേനയ്ക്ക് പ്രത്യേക വാർഫും പരിഗണനയിലാണ്.
വ്യോമസേന സുസജ്ജം
# ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഏത് സാഹചര്യവും നേരിടാനും ഏത് ആക്രമണത്തെയും പ്രതിരോധിക്കാനും വ്യോമസേന പൂർണ്ണ സജ്ജമാണ്.
# ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം, സു-30 സ്‌ക്വാഡ്രൻ, കംബയിൻഡ് ഗൈഡഡ് വെപ്പൺസ് ഫയറിംഗ് എന്നിവയെല്ലാം മികവാണ്.
# വ്യോമസേനയുടെ തന്ത്രപരമായ ഓപ്പറേഷനുകൾ നടത്തുന്നത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ്. യുദ്ധവിമാനങ്ങളടക്കം ഇവിടെ നിന്ന് ചീറിപ്പായും
തലസ്ഥാനത്തിന്റെ കരുത്ത്
1. ദക്ഷിണവ്യോമസേനാ ആസ്ഥാനം
2. പാങ്ങോട്ട് കരസേനാ സ്റ്റേഷൻ
3. വിഴിഞ്ഞത്ത് കോസ്റ്റ്ഗാർഡ്
4. മുട്ടത്തറയിൽ ബി.എസ്.എഫ്
5. സി.എസ്.ഐ.എഫ് യൂണിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |