ന്യൂഡൽഹി: പഹൽഗാമിൽ കൊടുംഭീകരരെ ഇന്ത്യ വകവരുത്തിയതിന് ജമ്മു കാശ്‌മീരിൽ നിയന്ത്രണരേഖയ്‌ക്ക് സമീപത്തെ പാവം ഗ്രാമീണരോട് പകവീട്ടുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാൻ. ഇന്നലെ തുടർച്ചയായ അഞ്ചാം ദിവസവും ജനവാസ മേഖലകളെ ലക്ഷ്യമിട്ട് കനത്ത ഷെല്ലിംഗാണ് നടത്തിയത്.
ഉദ്യോഗസ്ഥനും ഗ്രാമീണരും അടക്കം പൂഞ്ച്, രജൗരി, ജമ്മു, ബരാമുള്ള സെക്‌ടറുകളിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 19 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ബുധനാഴ്ച പൂഞ്ചിൽ മാത്രം 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ കാശ്‌മീരിലെ ജനകീയ ഉദ്യോഗസ്ഥനെയാണ് പാക് ഷെല്ലിംഗിൽ രാജ്യത്തിന് നഷ്‌ടമായത്. ജമ്മു കാശ്‌മീർ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ജെ.കെ.എ.എസ്) ഉദ്യോഗസ്ഥൻ രാജ്കുമാർ ഥാപയാണ് (54) കൊല്ലപ്പെട്ടത്. രജൗരി ടൗണിലെ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിൽ പാക് ഷെൽ പതിക്കുകയായിരുന്നു. രണ്ടു ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു.
രജൗരി അടക്കം ജനവാസ മേഖലകളെ ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി പാക് സേന നടത്തിയത്. ഉദ്യോഗസ്ഥൻ, രണ്ടു വയസുകാരി എന്നിവരടക്കം അഞ്ചുപേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. ആർ.എസ് പുര സെക്‌ടറിലെ പാക് ഷെല്ലിംഗിൽ 8 ബി.എസ്.എഫ് ഭടന്മാർക്ക് പരിക്കേറ്റു.
നിയന്ത്രണരേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ കാണിച്ചുകൂട്ടിയ തെമ്മാടിത്തരത്തിന് ചുട്ടമറുപടി ഇന്ത്യൻ സൈന്യം നൽകി. ജനവാസ പ്രദേശങ്ങളെ പാകിസ്ഥാൻ ലക്ഷ്യം വയ്‌ക്കുന്നത് കടുത്ത ആശങ്കയായി മാറിയിരുന്നു. എയർ റെയ്ഡ് സൈറണുകൾ ഇടയ്ക്കിടെ ഉച്ചത്തിൽ മുഴങ്ങി. വ്യാഴം, വെള്ളി രാത്രികളിൽ ബ്ലാക്ക് ഔട്ട് (ലൈറ്റുകൾ പൂർണമായും അണച്ചിടുന്നത്) ആയിരുന്നു.
അതേസമയം, പാക് ഷെല്ലിംഗിൽ അനേകർക്ക് കിടപ്പാടം നഷ്ടപ്പെട്ടു. ഇവരുടെ പുനരധിവാസം ജമ്മു കാശ്മീർ ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്. പാക് ഷെല്ലിംഗിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം വീതം നഷ്‌ടപരിഹാരം മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പ്രഖ്യാപിച്ചു.
വിതുമ്പി കാശ്‌മീർ
ജനങ്ങളുമായി ഊഷ്‌മളമായ ബന്ധം സൂക്ഷിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു രാജ്കുമാർ ഥാപ. അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞ് ജനം ഞെട്ടി. കണ്ണീരൊഴുക്കി. രജൗരിയിൽ അഡിഷണൽ ഡിസ്ട്രിക്‌ട് ഡെവലപ്പ്മെന്റ് കമ്മിഷണർ ആയിരുന്നു. എം.ബി.ബി.എസ് ബിരുദധാരിയായിരുന്ന രാജ്കുമാർ 2001ലാണ് ജെ.കെ.എ.എസിൽ ജോയിൻ ചെയ്‌തത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള ഞെട്ടലും വേദനയും രേഖപ്പെടുത്തി. ഉദ്യോഗസ്ഥന്റെ രൂപ് നഗറിലെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. അഡ്മിനിസ്ട്രേഷൻ സർവീസസിലെ മികച്ച ഉദ്യോഗസ്ഥനെയാണ് നഷ്‌ടമായതെന്ന് പറഞ്ഞു. കഴിഞ്ഞദിവസവും ഓൺലൈൻ യോഗങ്ങളിൽ സജീവമായിരുന്നത് ഓർമ്മിച്ചു.
അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്
അവശ്യസാധനങ്ങളുടെ ക്ഷാമമില്ലെന്ന് ജമ്മു കാശ്‌മീർ സർക്കാർ വ്യക്തമാക്കി. ഭക്ഷ്യ ധാന്യവും പെട്രോളും ഡീസലും ഗ്യാസ് സിലിണ്ടറും ലഭ്യമാണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. ആവശ്യത്തിന് സ്റ്രോക്കുണ്ട്. ഭയപ്പെടേണ്ടതില്ല. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. ഗതാഗത സൗകര്യം ഉറപ്പാക്കാനും ഉദ്യോഗസ്ഥർ പരിശ്രമിക്കുന്നു. യാത്രാക്കൂലി കൂടുതൽ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത്തരക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകും.
ഗുർദാസ്‌പൂരിൽ വൻ ഗർത്തം
പഞ്ചാബിലെ ഗുർദാസ്‌പൂരിൽ പാടത്ത് വൻ ഗർത്തം രൂപപ്പെട്ടത് ജനത്തെ ആശങ്കയിലാക്കി. പാക് മിസൈൽ ആണോ, ഷെല്ലാണോ പതിച്ചതെന്ന് പരിശോധന തുടരുകയാണ്. ആളപായമില്ല. ഗർത്തത്തിന് 35 അടി വീതിയും 15 അടി ആഴവുമുണ്ട്. ഫഗ്‌വാര, ബിയസ്, ജലന്ധർ, പത്താൻകോട്ട്, ഡൂബ്ലി എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള അവശിഷ്‌ടങ്ങൾ കണ്ടെത്തി. ജലന്ധറിൽ അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ചില വീടുകൾക്ക് നാശനഷ്‌ടമുണ്ടായി. ഹിമാചൽ പ്രദേശിലെ കാൻഗ്രയിൽ ഡ്രോൺ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ഉനയിലും ഇൻഡോറയിലും രാജസ്ഥാനിലെ ബാർമർ, ജയ്സാൽമേർ, പൊഖ്റാൻ എന്നിവിടങ്ങളിലും മിസൈൽ അവശിഷ്‌ടങ്ങൾ കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |