തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ബാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് എക്‌സൈസും പൊലീസും. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് സമീപമുള്ള ബാറില്‍ കഴിഞ്ഞ മാസമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ച് മദ്യം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ബാറില്‍ എങ്ങനെ പ്രവേശനം ലഭിച്ചു എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് എക്‌സൈസ് അന്വേഷിക്കുന്നത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടികള്‍ ബാറിലെത്തി മദ്യപിച്ചത്. 17 വയസ്സിന് താഴെ പ്രായമുള്ള രണ്ട് വിദ്യാര്‍ത്ഥിനികളാണ് ബാറില്‍ എത്തിയത്. ഇവര്‍ക്കൊപ്പം രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. ഏറെ നേരം ബാറിലിരുന്ന് മദ്യപിച്ച ശേഷം ബില്‍ നല്‍കാന്‍ ഇവരുടെ കൈവശം ഉള്ള പണം തികയുമായിരുന്നില്ല.
തുടര്‍ന്ന് ഇവിടേക്ക് ആണ്‍കുട്ടികള്‍ തങ്ങളുടെ ഒരു സുഹൃത്തിനെ വിളിച്ച് വരുത്തുകയായിരുന്നു. മദ്യപിച്ച് ബോധരഹിതയായ ഒരു പെണ്‍കുട്ടിയെ വാഹനത്തില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് വിവരം. കേസില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നെടുങ്കാട് സ്വദേശി അഭിലാഷ് (24), കണ്ണാന്തുറ സ്വദേശി അബിന്‍(18), ബീമാപള്ളി സ്വദേശി ഫൈസല്‍ ഖാന്‍ (38) എന്നിവരെ തുമ്പ പൊലീസ് അറസ്റ്റു ചെയ്ത് റിമാന്‍ഡില്‍ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ബാറില്‍ പ്രവേശനം നല്‍കിയത് ഉള്‍പ്പെടെള്ള കാര്യങ്ങളില്‍ എക്സൈസ് കൂടുതല്‍ അന്വേഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |