തിരുവനന്തപുരം: വിരമിക്കുന്നവർക്ക് ആനുപാതികമായി കെ.എസ്.ഇ.ബിയിൽ പുതിയ നിയമനം നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നു പരാതി. ഈ മാസം 31 പിന്നിടുമ്പോൾ 1,522 പേരാണ് കെ.എസ്.ഇ.ബിയിൽ നിന്നു വിരമിക്കുക. ഇക്കഴിഞ്ഞ ഏപ്രിലിലും ധാരാളംപേർ വിരമിച്ചിരുന്നെങ്കിലും ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല.
ഫീൽഡ് ജോലികൾ ചെയ്യുന്ന, വർക്ക്‌മെൻ വിഭാഗത്തിലുള്ളആയിരത്തിലേറെപ്പേരും 417 ഓഫീസർമാർ, 36 എക്സിക്യുട്ടീവ് എൻജിനിയർ, 50 അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എന്നിവരും ഈ മാസം വിരമിക്കുന്നുണ്ട്.
ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കണമെന്ന റഗുലേറ്ററി കമ്മിഷന്റെ നിർദ്ദേശത്തെത്തുടർന്ന് വിദഗ്‌ദ്ധസമിതി പഠനം നടത്തിയിരുന്നു.റിപ്പോർട്ടിലെ ശുപാർശ അനുസരിച്ച് 30,321 തസ്തികകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും നിയമനങ്ങൾ ഇപ്പോഴും വിലക്കിയ മട്ടാണ്.
2024 മാർച്ച് 31 വരെ 28,157 ജീവനക്കാർ ബോർഡിൽ ഉണ്ടായിരുന്നു. മേയ് 31ലെ കണക്കനുസരിച്ച് 1360 പേരാണ് വിരമിച്ചത്. ഈ മേയ് പിന്നിടുമ്പോൾ ജീവനക്കാരുടെ എണ്ണം 24,500 വരെയായി കുറയുമെന്നാണ് വിവരം.
ഉന്നത തസ്തികയിൽ നിന്നു വിരമിക്കുന്ന ഒഴിവുകളിൽ സ്ഥാനക്കയറ്റം നൽകി എൻട്രി കേഡർ തസ്‌തികകളിൽ നിന്നുള്ള നിയമന നടപടികൾ ത്വരിതപ്പെടുത്തണമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. എന്നാൽ ഇതിനോട് ബോർഡിന് നിഷേധാത്മക സമീപനമായതിനാൽ നിലവിലുള്ള പി.എസ്.സി തസ്‌തികകളിൽ നിയമനം നടക്കാത്ത സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |