നെടുമങ്ങാട്: നെടുമങ്ങാട് മാർക്കറ്റിൽ തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് വട്ടകുളം സ്വദേശി മുഹമ്മദ് ആഷർ (28) ആണ് മരിച്ചത്. ഇയാളെ ആക്രമിച്ച അഴിക്കോട് സ്വദേശി നിസാർ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. നെടുമങ്ങാട് സ്വകാര്യ ബാറിൽവച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പലവ്യഞ്ജന സാധനങ്ങൾ റൂട്ട് സെയിൽ നടത്തുന്ന ആഷറും ബീഫ് സ്റ്റാളിലെ ജീവനക്കാരനായ നിസാറും സുഹൃത്തുക്കളാണെന്നാണ് വിവരം. ഇന്ന് വൈകിട്ട് ഇരുവരും ഒരുമിച്ച് നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ബാറിൽ മദ്യപിക്കവെ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ ബാർ ജീവനക്കാർ ഇരുവരെയും ഇറക്കിവിട്ടു. തുടർന്ന് മാർക്കറ്റിലേക്ക് നടന്നുപോയ ആഷറിനെ നിസാർ പിന്തുടർന്നു. മാർക്കറ്റിൽ വച്ച് ഇരുവരും ഏറ്റുമുട്ടി. ഇതിനിടെ നിസാർ അരയിൽ കരുതിയിരുന്ന കത്തികൊണ്ട് ആഷറിനെ കുത്തുകയായിരുന്നു. നെഞ്ചിലും വയറ്റിലും പരിക്കേറ്റ ആഷർ തത്ക്ഷണം മരിച്ചു. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിർ. ഇയാൾ അവിവാഹിതനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |