SignIn
Kerala Kaumudi Online
Sunday, 06 July 2025 10.52 AM IST

ഐ.ബി.എസ് സോഫ്റ്റ്‌വെയർ ഉയർന്നു പറക്കാൻ ആകാശം പരിധിയല്ല

Increase Font Size Decrease Font Size Print Page

d

പരസ്പരം

വി.കെ.മാത്യൂസ്

എക്സിക്യുട്ടീവ് ചെയർമാൻ,​ ഐ.ബി.എസ്

കിഴക്കമ്പലത്തെ വീട്ടുമുറ്റത്തിരുന്ന് വി.കെ.മാത്യൂസ് കണ്ണുനട്ടത് ആകാശത്തേക്കാണ്. കഠിനാദ്ധ്വാനവും ഇച്ഛാശക്തിയും കൊണ്ട് എയർ ഇന്ത്യയിലും എമിറേറ്റ്സിലും നക്ഷത്രത്തിളക്കമുള്ള ജോലി നേടി. എന്നാൽ, സ്ഥിരവരുമാനമുള്ള ജോലിയുടെ തണലിൽ ചിറകൊതുക്കാൻ വി.കെ തയ്യാറായില്ല. വ്യോമയാന മേഖലയിൽ നൂതനമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ 1997-ൽ ഐ.ബി.എസ് സോഫ്റ്റ്‌വെയർ ആരംഭിച്ചു. ചെറിയ തുടക്കത്തിൽ നിന്ന് വൻകിട എയർലൈനുകൾ, വിമാനത്താവളങ്ങൾ, മുൻനിര ക്രൂസ് ലൈനുകൾ, ഓയിൽ, ഗ്യാസ് കമ്പനികൾ, ഹോട്ടൽ ഗ്രൂപ്പുകൾ എന്നിവയ്ക്ക് നിർണായകമായ സാങ്കേതിക പരിഹാരങ്ങൾ നൽകുന്ന ലോകത്തെ മുൻനിര ഐ.ടി പ്രൊഡക്ട് കമ്പനി- ഐ.ബി.എസിന്റെ സ്ഥാപകനും എക്സിക്യുട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ് 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

? ആരും മോഹിക്കുന്ന ജോലി ഉപേക്ഷിച്ചാണല്ലോ ഐ.ബി.എസ് ആരംഭിക്കുന്നത്. കംഫർട്ട് സോൺ വളർച്ചയുടെ ശത്രുവാണെന്ന് അന്നേ തിരിച്ചറിഞ്ഞോ.

പലരും കടന്നുചെല്ലാൻ മടിക്കുന്ന ഒരിടത്തേക്കാണ് അന്ന് ഇറങ്ങിത്തിരിച്ചത്. ചെറിയ പ്രായത്തിൽ ഉയർന്ന ശമ്പളവുമായി ദുബായിൽ ജീവിച്ചിരുന്ന എനിക്ക് നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരുന്നു. വീട്, വാഹനം, കുട്ടികളുടെ വിദ്യാഭ്യാസം... ഉറപ്പില്ലാത്ത ലക്ഷ്യത്തിനായി കംഫർട്ട് സോൺ ഉപേക്ഷിച്ചു. അത്രയും കാലത്തെ സമ്പാദ്യം അതിലേയ്ക്ക് നിക്ഷേപിച്ചു. വ്യോമയാന മേഖലയിലെ 15 വർഷത്തെ അനുഭവസമ്പത്തായിരുന്നു കൈമുതൽ. 1990-കളിൽ നൂതനമായ സാങ്കേതികവിദ്യകൾ വന്നപ്പോഴും വ്യോമയാന മേഖലയ്ക്ക് അതിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ സാധിച്ചിരുന്നില്ല. അങ്ങനെയാണ് ഐ.ബി.എസ് ആരംഭിക്കുന്നത്. പലരും പിന്തിരിപ്പിക്കാൻ നോക്കി. ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നതിനാൽ ഉറച്ചുനിന്നു.

? മുറുകെപ്പിടിച്ച മൂല്യങ്ങളാണോ വിജയരഹസ്യം.

സുതാര്യത, സമഗ്രത, സത്യസന്ധത ഉൾപ്പെടെയുള്ള അടിസ്ഥാനമൂല്യങ്ങൾക്കു നൽകിയ പ്രാധാന്യം ഐ.ബി.എസിന്റെ വിജയത്തിന്റെ ഒരു ഘടകമാണ്. സാങ്കേതികവിദ്യയെക്കാളും ബിസിനസിനെക്കാളും പ്രാധാന്യം നൽകിയത് അതിനാണ്. കൃത്യമായ ഫോക്കസ്‌പ്ലാൻ തയാറാക്കി. അതുവരെ ഉണ്ടായിരുന്ന വ്യവസ്ഥയിൽ നിന്ന് ഈ മേഖലയെ ഉയർത്തുന്നതായിരുന്നു ലക്ഷ്യം.

? കേരളം തിരഞ്ഞെടുത്തത്...

ബംഗളൂരു ആയിരുന്നു അന്ന് സംരംഭങ്ങളുടെ പറുദീസ. കേരളത്തിൽ സംരംഭം തുടങ്ങരുതെന്ന് പലരും ഉപദേശിച്ചു. ഒട്ടുമിക്ക കമ്പനികളും ബംഗളൂരു, പൂനെ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു കേന്ദ്രീകരിച്ചത്. ബംഗളൂരുവിൽ കമ്പനി തുടങ്ങാനായിരുന്നു ഞാനും കരുതിയത്. ഐ.ഐ.ടിയിലെ വിസിറ്റിംഗ് പ്രൊഫസറായിരുന്ന ഒരു ബന്ധു തിരുവനന്തപുരത്തെ ടെക്നോപാർക്ക് സന്ദർശിക്കാൻ പറഞ്ഞു. ടെക്നോപാർക്കിന്റെ സ്ഥാപകൻ വിജയരാഘവനെയും അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരെയും കണ്ടു. രാജ്യത്തിന്റെ പുറത്തുനിന്നാവും ക്ലയന്റുകളിലധികവുമെന്ന് എനിക്ക് അറിയാമായിരുന്നു. തിരക്കുപിടിച്ച ബംഗളൂരുവിനെക്കാൾ ടെക്നോപാർക്കിലെ മനോഹാരിതയാകും അവർക്ക് സ്വീകാര്യമെന്ന് തിരിച്ചറിഞ്ഞു. ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഐ.ബി.എസ് കേരളത്തിൽ ആരംഭിച്ചത്.

? തൊഴിലാളി സമരങ്ങൾ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടോ.

അന്നത്തെക്കാലത്ത് തൊഴിലാളി സംഘടനകളും സമരങ്ങളുമൊക്കെ ധാരാളം ഉണ്ടായിരുന്നു. എന്നാൽ, ഒരു തൊഴിൽദിനം പോലും സമരത്തിന്റെ പേരിൽ കമ്പനിക്ക് നഷ്ടമായിട്ടില്ല. അന്ന് ഐ.ബി.എസിൽ ജോലി ചെയ്തിരുന്നത് സാധാരണക്കാർ ആയിരുന്നു. ഐ.ടിയെ പിന്തുണയ്ക്കുന്നത് ജനങ്ങളെ പിന്തുണയ്ക്കുന്നതാണെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ്.

? വെല്ലുവിളികളിലൂടെയായിരുന്നല്ലോ ഐ.ബി.എസിന്റെ വളർച്ച.

വിജയം അല്ലെങ്കിൽ പരാജയം. ഇതു രണ്ടും മാത്രമേ ലോകം കാണുകയുള്ളു. പക്ഷെ ബിസിനസിന്റെ യഥാർത്ഥ പാഠങ്ങൾ ഇതിനു രണ്ടിനും ഇടയിലുള്ള ആ യാത്രയിലാണ്. തുടക്കം മുതൽ വെല്ലുവിളികൾ ധാരാളം ഉണ്ടായിട്ടുണ്ട്. ഐ.ബി.എസ് ആരംഭിച്ച് രണ്ടു വർഷത്തിനിടെയാണ് 'ഡോട്ട് കോം തകർച്ച" ഐ.ടി മേഖലയെ പിടിച്ചുകുലുക്കിയത്. തുടർന്നുണ്ടായ വേൾഡ് ട്രേഡ് സെന്റർ ആക്രമണവും സാമ്പത്തിക മാന്ദ്യവും എയർലൈൻ വ്യവസായത്തെ ബാധിച്ചു. സ്വിസ് എയർ ആയിരുന്നു അന്ന് ഐ.ബി.എസിന്റെ ഏറ്റവും വലിയ കസ്റ്റമറും പങ്കാളിയും. സ്വിസ് എയർ പാപ്പരായതായത് ഐ.ബി.എസിന് തിരിച്ചടിയായി.

അന്ന് കമ്പനി അടച്ചുപൂട്ടാൻ ഒരുപാടു പേർ ഉപദേശിച്ചു. രണ്ട് കാരണങ്ങളാലാണ് പിടിച്ചുനിന്നത്. കമ്പനിയുടെ ഏറ്റവും വലിയ സമ്പാദ്യം ജീവനക്കാരുടെ അറിവും വെെദഗ്ദ്ധ്യവുമായിരുന്നു. ഐ.ബി.എസ് അടച്ചുപൂട്ടിയാൽ 350 പേ‌ർക്ക് അന്ന് ജോലി നഷ്ടപ്പെടുമായിരുന്നു. അതുകൊണ്ട് ഒരൊറ്റ ഉടമസ്ഥാവകാശത്തിൽ പുതിയ എയർലൈൻ റിസർവേഷൻ സിസ്റ്റം വികസിപ്പിച്ച് മുന്നോട്ടുപോകാൻ തീരുമാനിച്ചു. 2020-ലെ കൊവിഡ് വ്യോമയാന മേഖലയെ സാരമായി ബാധിച്ചു. ഓരോ വെല്ലുവിളികളും അവസരമായെടുത്ത് യാത്ര തുടരുന്നു.

?​ സാധാരണ,​ വിദേശത്ത് തുടങ്ങിയ എം.എൻ.സികൾ നാട്ടിലേക്കു വരും. ഐ.ബി.എസിന്റെ കാര്യത്തിൽ നേരെ തിരിച്ചാണല്ലോ.

അതെ. ഐ.ബി.എസിന്റെ വളർച്ച കേരളത്തിൽ നിന്ന് പുറത്തേക്കായിരുന്നു. അതുകൊണ്ട് ഒരുപാട് പഠിക്കാൻ പറ്റി. ഒരു യൂണിക്കോൺ എന്ന നിലയ്ക്ക് ഒരുപാട് പേർക്ക് പ്രചോദനമാകാനായി. ധാരാളം കമ്പനികൾ ഐ.ബി.എസിന്റെ മാതൃക പിന്തുടർന്ന് വിജയിച്ചതിൽ അഭിമാനമുണ്ട്. ഐ.ടി ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് സർക്കാരിന് നിർദ്ദേശങ്ങൾ നൽകാനും സാധിക്കുന്നുണ്ട്.

?​ സർക്കാരിന്റെ പിന്തുണ?

മാറി വന്ന എല്ലാ സർക്കാരുകളും മികച്ച പിന്തുണയാണ് നൽകിയത്. കേരളത്തിലെ സാമൂഹ്യവ്യവസ്ഥ മെച്ചപ്പെടാനുണ്ട്. അതിലും വൈകാതെ മാറ്റം വരും.

?​ ഐ.ബി.എസ് പ്രൊഡക്ട് കമ്പനിയാണ്. സർവീസ് കമ്പനിയെക്കാൾ പ്രയോസമാണോ ഇത്.

വ്യവസായത്തിന്റെ ഭാവി ആവശ്യങ്ങൾക്കായി സോഫ്റ്റ്‌വെയർ വികസിപ്പിക്കുകയാണ് പ്രൊഡക്ട് കമ്പനി ചെയ്യുന്നത്. ആശയം വികസിപ്പിക്കുന്നതും സേവനം നൽകുന്നതുമെല്ലാം നമ്മളാണ്. ഒരു നിശ്ചിത കാലയളവിലേയ്ക്ക് എന്തെല്ലാം സേവനങ്ങൾ ആവശ്യമുണ്ടെന്ന് ധാരണയുണ്ടാവണം. ഇന്ത്യയിൽ ആഗോളപ്രശസ്തിയുള്ള ഐ.ടി പ്രൊഡക്ട് കമ്പനികൾ കുറവാണ്. എവിടെ, എങ്ങനെ നിക്ഷേപിക്കണം, എന്ത് രൂപകല്പന ചെയ്യണം എന്നൊക്കെ സ്വയം തീരുമാനിക്കണമെന്നതിനാൽ റിസ്ക് കൂടുതലായിരിക്കും.

വിവിധ രാജ്യങ്ങളിൽ സാന്നിദ്ധ്യമുണ്ടെങ്കിലും ഐ.ബി.എസ് അടിസ്ഥാനപരമായി ഒരു ഇന്ത്യൻ കമ്പനിയാണ്. ഇന്ത്യയിൽ നിർമ്മിച്ച അംബാസഡർ കാർ ജർമനിയിൽ ഒരു ബി.എം.ഡബ്ല്യുവിനോട് മത്സരിച്ച് വിൽക്കുന്നതൊന്ന് സങ്കല്പിച്ചു നോക്കൂ. അത്രയും ശ്രമകരമാണ് വ്യോമയാന രംഗത്തിന് ആവശ്യമുള്ള അതിസങ്കീർണമായൊരു സംവിധാനം നിർമ്മിക്കുന്നത്. എന്നാൽ സർവീസ് കമ്പനിയിൽ ഏതു സേവനമാണ് വേണ്ടത്, ഏതു സാങ്കേതികവിദ്യയാണ് വേണ്ടതെന്ന് ഉപഭോക്താവ് പറയും. റിസ്ക് താരതമ്യേന കുറവായിരിക്കും.

?​ എഫ്.ഡി.ഐ, നിക്ഷേപങ്ങൾ എന്നിവ ആകർഷിക്കുന്നത്.

എഫ്.ഡി.ഐ (ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ്) ഏറ്റവും കുറച്ചെത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കഴിഞ്ഞ മൂന്നുവർഷം കേരളത്തിലെ എഫ്.ഡി.ഐ 0.5 ശതമാനത്തിൽ താഴെയാണ്. അത് മെച്ചപ്പെടുത്താൻ വിജയകരമായി പ്രവർത്തിക്കുന്ന,​ മെച്ചപ്പെട്ട ശമ്പളം നൽകുന്ന സ്ഥാപനങ്ങൾ കേരളത്തിലെത്തണം. ആരോഗ്യം, ഐ.ടി, വിനോദസഞ്ചാരം തുടങ്ങിയ രംഗങ്ങളിൽ കൂടുതൽ സംരംഭങ്ങൾ എത്തിക്കണം. മാലിന്യസംസ്കരണം, നല്ല റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. ജീവിക്കാൻ മഹത്തരമായ സംസ്ഥാനമായാൽ കേരളം ജോലിചെയ്യാനും പറ്റിയ സംസ്ഥാനമാകും. 'ക്ലീൻ കേരള, സേവ് കേരള, ഡിജിറ്റലി എനേബിൾഡ് കേരള" എന്നതായിരിക്കണം നമ്മുടെ വിഷൻ.

? പുതിയ സംരംഭകരോട്.

മനസിലുള്ള ആശയങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുക. ആശയം പണമുണ്ടാക്കാൻ വേണ്ടി മാത്രമാവരുത്. സമൂഹത്തിന് മികച്ച സേവനം നൽകുന്നതായിരിക്കണം ലക്ഷ്യം. ഹൃദയം ശരിയായ ഇടത്താവണം. ബിസിനസിൽ പങ്കാളിയുണ്ടെങ്കിൽ അവരും നമ്മുടെ അതേ മൂല്യങ്ങൾ പങ്കുവയ്ക്കുന്നവരാവണം. ഒരുപാട് തെറ്റുകൾ വരുത്താൻ സാദ്ധ്യതയുള്ളതിനാൽ ഉപദേശം ചോദിക്കാൻ ഒരു മെന്ററെങ്കിലും ഉണ്ടാവണം. തുടക്കത്തിൽ എത്ര ചെറിയ സംഖ്യയാണെങ്കിലും നിക്ഷേപിക്കാൻ ആരെങ്കിലും ഉണ്ടായാൽ അനുഗ്രഹമാണ്. അങ്ങനെയെങ്കിൽ നിങ്ങളുടെ ആശയം ആദ്യത്തെ കടമ്പ കടന്നു എന്നാണ് അർത്ഥം. പുതിയ തെറ്രുകൾ വരുത്തുന്നതിൽ കുഴപ്പമില്ല. പഴയ തെറ്റുകൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കിയാൽ മതി.

TAGS: INTERVIEW, VK MATHEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.