ആലപ്പുഴ : കുപ്രസിദ്ധ മോഷ്ടാവിനെ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ആലപ്പുഴ ജില്ലാ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എറണാകുളം കോലഞ്ചേരി ഐക്കരനാട് മാങ്ങാട്ടൂർ ചക്കുങ്കൽ വീട്ടിൽ അജയകുമാറാണ് (43) പിടിയിലായത്. ഞായറാഴ്ച്ച രാത്രി 7.40ന് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കൈയ്യിൽ ഒരു പ്ലാസ്റ്റിക്ക് സഞ്ചിയുമായി ഇയാൾ പതുങ്ങിനിൽക്കുന്നത് ശ്രദ്ധപ്പെട്ട റെയിൽവേ പൊലീസ് സൗത്ത് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് സി.ഐ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോൾ വ്യക്തമായ മറുപടി പറഞ്ഞില്ല, പ്ലാസ്റ്റിക്ക് സഞ്ചി പരിശോധിച്ചപ്പോൾ പിച്ചള കൊണ്ട് നിർമ്മിച്ച തളികയും, വലിയ പിച്ചള വിളക്കിന്റെ അടിഭാഗവും ലഭിച്ചു. തുടർന്ന് അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാൾക്കെതിരെ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ അഞ്ചും ആലുവയിൽ മൂന്നും കോതമംഗലത്ത് രണ്ടും കട്ടപ്പന, കാഞ്ഞിരപ്പള്ളി, കോട്ടപ്പടി, തൊടുപുഴ സ്റ്റേഷനുകളിൽ ഓരോന്നും വീതം മോഷണക്കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ എം.പി.മനോജ് , ജയേന്ദ്ര മേനാൻ, എ.എസ്.ഐദയമോൾ, വനിത സീനിയർ സി.പി.ഒ പ്രീതി, സീനിയർ സി.പി.ഒ അനിൽകുമാർ, സി.പി.ഒ അജയ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |