കുമളി: കേരളാ- തമിഴ്നാട് അതിർത്തിയിൽ പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ വർഷത്തിലൊരിക്കൽ മാത്രം പ്രവേശനമുള്ള അതിപുരാതനമായ കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ ചിത്രപൗർണ്ണമി മഹോത്സവം ദർശിക്കാനെത്തിയത് പതിനായിരങ്ങൾ. ഈ വർഷത്തെ ചിത്രാപൗർണമി ഉത്സവത്തിന് 19501 ഭക്തർ എത്തിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ തവണ 15,534 പേരാണ് ക്ഷേത്രം സന്ദർശിച്ചത്. ഇത്തവണ നാലായിരത്തോളം ഭക്തരുടെ വർദ്ധനവാണ് ഉണ്ടായത്. കേരളവും തമിഴ്നാടും സംയുക്തമായാണ് ഉത്സവം നടത്തിയത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളിൽ ഒരേസമയം കേരളം, തമിഴ്നാട് ശൈലികളിലെ പൂജകൾ നടന്നു. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും പുലർച്ചെ അഞ്ച് മണിയോടെ നട തുറന്ന് ആചാരചടങ്ങുകൾ ആരംഭിച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവതാ പ്രതിഷ്ഠകളായ ഗണപതി, ശിവപാർവ്വതീ സങ്കൽപ്പത്തിലുള്ള പെരുമാൾ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്. തന്ത്രി സൂര്യകാലടി മന ജയസൂര്യൻ നമ്പൂതിരിപ്പാടും വള്ളിയൻ കാവ് മേൽശാന്തിയായ ബിജുകുമാർ നമ്പൂതിരിയും പൂജകൾക്ക് നേതൃത്വം നൽകി. തൊട്ടടുത്തുള്ള ശ്രീകോവിലിൽ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരള- തമിഴ്നാട് പൊലീസ്, റവന്യൂ, വനംവകുപ്പ്, എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതർ സംയുക്തമായാണ് ചിത്രാപൗർണ്ണമി ഉത്സവം നടത്തിയത്.
ഒമ്പത് മണിക്കൂർ ക്യൂ, വലഞ്ഞ് ഭക്തർ
ജില്ലാ ഭരണകൂടം സംവിധാനം ഒരുക്കാത്തതിനെ തുടർന്ന് കണ്ണകി ക്ഷേത്രദർശനത്തിന് ഭക്തർ കാത്ത് നിന്ന് വലഞ്ഞത് ഒമ്പത് മണിക്കൂറോളം. കുമളി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ട്രിപ്പ് ജീപ്പുകളിൽ പോകുന്നതിന് ക്യൂ സംവിധാനം ഏർപ്പെടുത്തിയിരുന്നു. പുലർച്ചെ ഒരു മണി മുതൽ ഇവിടെ ഭക്തർ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. 750 വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പാസ് നൽകിയെങ്കിലും ആവശ്യത്തിന് ടാക്സി വാഹനങ്ങൾ യാത്രക്കാരെ കയറ്റാൻ എത്തിയില്ല. രാവിലെ ആറിന് കുറേപേരെ ആദ്യ ട്രിപ്പിൽ കൊണ്ടുപോയെങ്കിലും തിരികെ വന്ന ജീപ്പുകൾ സ്റ്റാൻഡിലെത്തും മുമ്പ് വഴിയിൽ നിന്ന് ഭക്തരെ കയറ്റി ക്ഷേത്രത്തിലേക്ക് പോയി. രാവിലെ എട്ട് മുതൽ 11 വരെ തീരെ മന്ദഗതിയിലാണ് വാഹനങ്ങൾ എത്തിയത്. ഇതോടെ മണിക്കൂറുകളായി ക്യൂവിൽ നിന്നവർ വാഹനം കിട്ടാതെ വലഞ്ഞു. ഇത് പ്രതിഷേധത്തിനിടയാക്കി. ജീപ്പ് ഡ്രൈവർമാരും തമ്മിലുള്ള വാക്ക് തർക്കം കൈയാങ്കളിയുടെ വക്കോളമെത്തി. ഭക്തരിൽ ചിലർ പീരുമേട് തഹസിൽദാരെ വിവരം അറിയിച്ചു. ഉടൻതന്നെ പൊലീസിന് വേണ്ട നിർദ്ദേശം നൽകിയാണ് പ്രശ്നം പരിഹരിച്ചത്. ഭക്തന്മാരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമെന്നത് മുന്നിൽക്കണ്ട് ആവശ്യമായ വാഹനങ്ങൾ ക്രമീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. കുമളി ബസ് സ്റ്റാൻഡിൽ തടിച്ചു കൂടിയ ഭക്തരെ നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസും ഉണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |