ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും. പാക് ഡ്രോണുകൾ കണ്ടതിനെത്തുടർന്ന് ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ലേ, രാജ്‌കോട്ട്, ജോധ്‌പൂർ, ശ്രീനഗർ, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് നിറുത്തിയത്.
പാക് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഇന്നലെ ഇൻഡിഗോയും വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ജമ്മു, അമൃത്സർ, ചണ്ഡിഗഡ്, ലേ, ശ്രീനഗർ, രാജ്‌കോട്ട് വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചുമുള്ള സർവീസുകളാണ് നിറുത്തിയത്. ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് ഇൻഡിഗോ അറിയിച്ചു.
സേനാ ഓപ്പറേഷൻ മേധാവിമാർ വെടിനിറുത്തൽ തുടരാൻ തീരുമാനിച്ചതിനും ഭീകരതയ്ക്കെതിരെ പ്രധാനമന്ത്രി ശക്തമായ മുന്നറിയിപ്പ് നൽകിയതിനും പിന്നാലെയാണ് അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ജമ്മുകാശ്‌മീർ, പഞ്ചാബ് അതിർത്തികളിലാണ് ഡ്രോണുകൾ എത്തിയത്.
ഇന്നലെ രാത്രി പത്തു മണിയോടെ ജമ്മുകാശ്‌മീരിലെ സാംബയിലാണ് ആദ്യം ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പഞ്ചാബിലെ അമൃത്‌സറിലും പ്രകോപനമുണ്ടായി. ഇന്ത്യൻ സേന ഇവയെല്ലാം തകർത്തു. അതിർത്തി ഗ്രാമങ്ങളിൽ ലൈറ്റ് അണച്ച് ജാഗ്രത പാലിച്ചു. അമൃത്‌സറിലേക്കുള്ള വിമാനം വഴിതിരിച്ചു വിട്ടു.
ഒരു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള പാക് പ്രകോപനം. പാകിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് വ്യക്തമാക്കിയത്. ആണവ ഭീഷണി ഇങ്ങോട്ടു വേണ്ടെന്നും ഭീകരരെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ ഭാവി അവരുടെ പെരുമാറ്റത്തെ ആശ്രയിച്ചാവുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കർശന താക്കീതും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |