വാഷിംഗ്ടൺ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം പരിഹരിക്കാൻ ഇടപെട്ടെന്ന അവകാശവാദം ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലെ സംഘർഷം ആണവ യുദ്ധത്തിലേക്ക് പോകേണ്ടതായിരുന്നെന്നും യു.എസ് ഇടപെടലിലൂടെ അത് ഒഴിവായെന്നും ട്രംപ് അഭിപ്രായപ്പെട്ടു. സംഘർഷം ഒഴിവാക്കാൻ കഠിനമായി പരിശ്രമിച്ചെന്ന പേരിൽ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയേയും ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.
'എന്റെ ഭരണകൂടം, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ പൂർണമായ ഒരു വെടിനിറുത്തൽ ഉടനടി നിലവിൽ വരാൻ സഹായിച്ചു. ഇത് സ്ഥിരമാണെന്ന് ഞാൻ കരുതുന്നു. ധാരാളം ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങൾ തമ്മിലെ അപകടകരമായ സംഘർഷം അവസാനിപ്പിച്ചു. അതൊരു മോശം ആണവയുദ്ധം ആകുമായിരുന്നു എന്ന് ഞാൻ കരുതുന്നു. കോടിക്കണക്കിന് ആളുകൾ കൊല്ലപ്പെടുമായിരുന്നു. അത് ഒഴിവായതിൽ ഞാൻ വളരെ അഭിമാനിക്കുന്നു " ഇന്നലെ വൈറ്റ്‌ഹൗസിൽ നടന്ന അഭിസംബോധനയ്ക്കിടെ ട്രംപ് പറഞ്ഞു.
സംഘർഷം നിറുത്തിയാൽ യു.എസ് കൂടുതൽ വ്യാപാരം നടത്തുമെന്ന് ഇരു രാജ്യങ്ങളോടും പറഞ്ഞെന്നാണ് ട്രംപിന്റെ വാദം. സംഘർഷം നിറുത്തിയില്ലെങ്കിൽ യു.എസ് ഒരുതരത്തിലെ വ്യാപാരത്തിന് തയ്യാറാകില്ലെന്ന് പറഞ്ഞെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേ സമയം, പ്രശ്ന പരിഹാരത്തിന് മൂന്നാമതൊരു കക്ഷി ഇടപെട്ടതായി ഇന്ത്യ പറഞ്ഞിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ ഡി.ജി.എം.ഒ തലത്തിൽ നടന്ന ചർച്ചകളുടെ ഫലമായിട്ടാണ് വെടിനിറുത്തിയതെന്ന് ഇന്ത്യ വ്യക്തമാക്കുന്നു.
ആയുധങ്ങളുമായി ചൈനീസ് വിമാനം പാകിസ്ഥാനിൽ ? തള്ളി ചൈന
ഇന്ത്യ-പാക് സംഘർഷത്തിനിടെ ഭീമൻ കാർഗോ വിമാനത്തിൽ പാകിസ്ഥാന് ആയുധങ്ങൾ എത്തിച്ചുനൽകിയെന്ന പ്രചാരണങ്ങൾ തള്ളി ചൈന. നുണ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ചൈനീസ് സൈന്യം ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യക്കെതിരെ ചൈനീസ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചെന്ന പാകിസ്ഥാന്റെ വാദവും ചൈന നേരത്തെ തള്ളിയിരുന്നു. തീവ്രവാദത്തിന്റെ എല്ലാ രൂപത്തെയും ശക്തമായി എതിർക്കുന്നെന്നും മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കുമായി എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
അതേ സമയം, 2020- 2024 കാലയളവിൽ പാകിസ്ഥാൻ ഇറക്കുമതി ചെയ്ത ആയുധങ്ങളുടെ 81 ശതമാനവും ചൈനയിൽ നിന്നുള്ളതാണെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
പാകിസ്ഥാനെ തകർക്കാൻ തയ്യാറെന്ന് ബി.എൽ.എ
ഭീകര ഹബ്ബായ പാകിസ്ഥാനെ തകർക്കാൻ തയ്യാറാണെന്നും അതിന് തങ്ങളെ സഹായിക്കണമെന്നും ഇന്ത്യയോട് വീണ്ടും അഭ്യർത്ഥിച്ച് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ). അഗ്നിപർവ്വതത്തിന്റെ മുകളിലിരിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും തങ്ങൾ അതിനെ നശിപ്പിക്കുമെന്നും അവർ പ്രസ്താവനയിൽ അറിയിച്ചു.
'പാകിസ്ഥാൻ തീവ്രവാദികളെ വളർത്തുന്നു. അവരുമായി നയതന്ത്ര ബന്ധം പുലർത്തുന്നത് പോലും ആപത്താണ്. പാകിസ്ഥാനെ വിഭജിക്കാൻ ഇന്ത്യ തീരുമാനിച്ചാൽ ആദ്യം പിന്തുണയ്‌ക്കുക തങ്ങളായിരിക്കും. പാകിസ്ഥാനെ ശരിയായ സമയത്ത് തകർത്തില്ലെങ്കിൽ അവർ ലോകത്തിന് തന്നെ ഭീഷണിയായി മാറും' ബി.എൽ.എ വ്യക്തമാക്കി.
അതേ സമയം, ബലൂചിസ്ഥാൻ പ്രവിശ്യയിൽ 51 ഇടങ്ങളിലായി പാക് സുരക്ഷാ സേനയ്ക്കെതിരെ 71 ആക്രമണങ്ങൾ നടത്തിയെന്നും ബി.എൽ.എ അറിയിച്ചു. പാക് സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി. ഇന്ത്യയുമായി പാക് സംഘർഷം രൂക്ഷമായ ഘട്ടത്തിലാണ് തങ്ങൾ ആക്രമണം നടത്തിയതെന്നും ബി.എൽ.എ വെളിപ്പെടുത്തി. 'ഓപ്പറേഷൻ ഹെറോഫ്' എന്ന പേരിൽ പാകിസ്ഥാനെതിരെ ആക്രമണങ്ങൾ തുടരുകയാണ് ബി.എൽ.എ. ദൗത്യത്തിന്റെ അടുത്ത ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ബി.എൽ.എ അറിയിച്ചു.
ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കാൻ പോരാടുന്ന വിവിധ ഗ്രൂപ്പുകളിൽ പ്രബലരാണ് ബി.എൽ.എ. ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച ഉടൻ ബി.എൽ.എ അവസരം മുതലാക്കിയത് പാകിസ്ഥാനെ പ്രതിസന്ധിയിലാഴ്‌ത്തിരുന്നു. ക്വറ്റയുൾപ്പെടെ തന്ത്രപ്രധാന സ്ഥലങ്ങൾ ബി.എൽ.എ പിടിച്ചെടുത്തിരുന്നു. ബലൂചിസ്ഥാനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ച ബി.എൽ.എ തങ്ങളെ അംഗീകരിക്കണമെന്ന് യു.എന്നിനോട് ആവശ്യപ്പെട്ടിരുന്നു. പല സ്ഥലത്തും പാക് പതാകയ്‌ക്ക് പകരം ബലൂച് പതാകയുയർന്നു. ബലൂച് വിമതരുടെ മുന്നേറ്റങ്ങൾ സംബന്ധിച്ച് മൗനം പാലിക്കുകയാണ് പാകിസ്ഥാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |