നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഒരു നടന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞത് വിവാദമായിരുന്നു. താരത്തിന്റെ പേരെടുത്തുപറയാതെയായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തിയത്. ഇത് നടൻ നിവിൻ പോളിയെക്കുറിച്ചാണെന്നൊക്കെ കിംവദന്തികൾ ഉയരുകയുമൊക്കെ ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ മലയാളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മാദ്ധ്യമപ്രവർത്തകനായ അന്താനൻ.
തമിഴ് സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ നയൻതാരയുടെ പെരുമാറ്റത്തെക്കുറിച്ചാണ് മാദ്ധ്യമപ്രവർത്തകൻ ഒരു യൂട്യൂബ് ചാനലിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. രജനികാന്തിന്റെ 'ആണ്ണാത്തെ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം.
ഷൂട്ടിംഗിനിടെ രജനികാന്തിന് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടു. അതോടെ ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തിവയ്‌ക്കേണ്ടിവന്നു. ഈ സമയം നയൻതാര കേരളത്തിലേക്ക് പോയിരുന്നു. രജനികാന്ത് സുഖം പ്രാപിച്ചതോടെ ഷൂട്ടിംഗിന് വരാൻ പറഞ്ഞ് നയൻതാരയെ നിർമാതാക്കൾ വിളിച്ചു.
തിരിച്ചുവരാൻ പ്രൈവറ്റ് ജെറ്റ് വേണമെന്ന കണ്ടീഷൻ നയൻതാര മുന്നോട്ടുവച്ചു. ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തുതരാമെന്ന് പറഞ്ഞെങ്കിലും നയൻതാര സമ്മതിച്ചില്ല. സൺ പിക്‌ചേഴ്സായിരുന്നു അണ്ണാത്തെയുടെ നിർമാതാക്കൾ. അവർ സിനിമയ്‌ക്കൊരു ബഡ്ജറ്റ് ഇട്ടിട്ടുണ്ട്. അതിൽ കൂടുതൽ മുടക്കുകയില്ല. ഇതോടെ പ്രതിസന്ധിയിലായി. ഒടുവിൽ സംവിധായകൻ ശിവ തന്നെ പരിഹാരം കണ്ടു.
സാങ്കേതിക പ്രവർത്തകരുടെയും മറ്റും ചെലവുകൾ കുറച്ച് ആ പണം കൊണ്ട് നയൻതാരയ്ക്ക് പ്രൈവറ്റ് ജെറ്റ് എടുത്തുനൽകുകയായിരുന്നു ചെയ്തത്. ഇതറിഞ്ഞതോടെ താൻ അത്ഭുതപ്പെട്ടുപോയെന്നും ഈ നടി ജനിച്ചതുതന്നെ വിമാനത്തിലാണോയെന്നും അന്താനൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |