മഴക്കാലത്തിനു മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാകണം. മഴ ശക്തമാകുന്നതിനു മുമ്പുതന്നെ ഓടകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ സംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ വഴിയൊരുങ്ങുക മാത്രമല്ല, പല നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടും ഉണ്ടാകും. സാമൂഹ്യ- സാംസ്‌കാരിക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർത്ഥികളുടെയും സഹകരണം ഉറപ്പാക്കി സർക്കാരും തദ്ദേശ സ്ഥാപനങ്ങളും മാലിന്യമുക്ത യജ്ഞം നടപ്പാക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിർമാണവും വിപണനവും നിരോധിക്കുകയും പരിശോധനകൾ കാര്യക്ഷമമാക്കി, നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യണം.
റോയി വർഗീസ് ഇലവുങ്കൽ
മുണ്ടിയപ്പള്ളി
ഉപതിരഞ്ഞെടുപ്പ്
എന്ന ധൂർത്ത്
രാജ്യത്ത് പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഉപതിരഞ്ഞെടുപ്പുകൾ വേണ്ടിവരാറുണ്ട്. കോടിക്കണക്കിന് രൂപയാണ് സർക്കാരിനും പാർട്ടികൾക്കും ഉപതിരഞ്ഞെടുപ്പ് നടത്തിപ്പിന് ചെലവ് വരുന്നത്. ഇതിനെല്ലാം ചെലവാക്കുന്നതാകട്ടെ ജനങ്ങളുടെ പണവും. ജനങ്ങൾ അനുഭവിക്കേണ്ട പണം പാഴ്‌ച്ചെലവാക്കുന്നു. ഇതിന് പരിഹാരം കാണേണ്ടതുണ്ട്. തിരഞ്ഞെടുത്ത പ്രതിനിധികൾ കാലാവധി പൂർത്തിയാക്കാതെ രാജിവച്ചാൽ രണ്ടാം സ്ഥാനക്കാരനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയും രാജിവച്ച വ്യക്തിക്ക് മത്സരിക്കാൻ അഞ്ചുവർഷത്തെ വിലക്ക് ഏർപ്പെടുത്തുകയും വേണം. ഒരു സ്ഥാനാർത്ഥി ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കാൻ അവസരം നൽകാതിരിക്കണം. ജയിച്ച സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്താൽ അത് കീഴ്കോടതികളിൽ പോകാതെ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ കേസ് നടത്തണം. ഒരുവർഷത്തിനുള്ളിൽ ഹൈക്കോടതിയും അപ്പീലിൽ സുപ്രീംകോടതിയും വിധി പ്രസ്താവിക്കണം. കാലാവധി കഴിയുന്നതുവരെ നീട്ടിക്കൊണ്ടുപോകാനും പാടില്ല. ഈ ആശയങ്ങൾ നടപ്പിലാക്കിയാൽ ഉപതിരഞ്ഞെടുപ്പുണ്ടാക്കുന്ന പാഴ്ച്ചെലവ് ഒരു പരിധിവരെ പരിഹരിക്കാം.
ഒ.പി. നമ്പീശൻ
മഞ്ചേരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |