തിരുവനന്തപുരം: കേരളത്തിലേക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തുന്ന കുട്ടികളുടെ എണ്ണത്തിലാണ് വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ 13 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷനില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 2023-24 വര്‍ഷത്തില്‍ 21,299 ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു. ഇത് 2024-25 വര്‍ഷത്തിലേക്കെത്തുമ്പോള്‍ 24,525 ആയാണ് വര്‍ധിച്ചിരിക്കുന്നത്. അതായത് 15.14 ശതമാനത്തിന്റെ വര്‍ദ്ധന. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10,018 വിദ്യാര്‍ത്ഥികളും എയ്ഡഡ് സ്‌കൂളുകളില്‍ 13,619 വിദ്യാര്‍ത്ഥികളുമാണുള്ളത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8,490 വിദ്യാര്‍ത്ഥിളും എയ്ഡഡ് സ്‌കൂളുകളില്‍ 12,421 വിദ്യാര്‍ത്ഥികളുമാണ് ഉണ്ടായിരുന്നത്.
തമിഴ്നാടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ കേരളത്തില്‍ പഠിക്കുന്നത്. ബാക്കിയുള്ളവരില്‍ കൂടുതല്‍ പേരും പശ്ചിമ ബംഗാള്‍, അസാം, ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞ അധ്യയന വര്‍ഷം 11,394 കുട്ടികള്‍ കേരളത്തില്‍ പഠിച്ചപ്പോള്‍, 2024-25 വര്‍ഷം പഠിച്ചത് 13,751 പേരാണ്.
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളും കേരളത്തില്‍ പഠിക്കുന്നുണ്ട്. 2024-25 അധ്യയന വര്‍ഷത്തില്‍ 336 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തെ സ്‌കൂളുകളിലെത്തിയത്. ഇതില്‍ 332 പേരും നേപ്പാളില്‍ നിന്നുള്ളവരാണ്. ശ്രീലങ്ക, ഫിലിപ്പൈന്‍സ്, മാലദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും കേരളത്തില്‍ പഠിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |